റിയാദ്: ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ഇന്ന്. അറഫയിൽനിന്ന് മടങ്ങിയ ഹാജിമാർ ഇന്നലെ മുസ്ദലിഫയിൽ രാപ്പാർത്ത് ജംറയിൽ കല്ലേറ് കർമത്തിനായെത്തുന്നുണ്ട്. ബലിപെരുന്നാൾ ദിനമായ ഇന്ന് ബലികർമങ്ങളും ഹാജിമാർക്കുണ്ട്.
കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ ഇന്ന് ശുഭ്രവസ്ത്രത്തിൽനിന്ന് ഒഴിവാകും.അറഫാ സംഗമം കഴിഞ്ഞ് ഹാജിമാർ ഇന്നലെ രാത്രി മുസ്ദലിഫയിൽ രാപ്പാർത്തു. ഇവിടെനിന്ന് ശേഖരിച്ച കല്ലുകളുമായെത്തി ജംറയിലെ സ്തൂപത്തിനരികിലെത്തി. മനുഷ്യന്റെ ഉള്ളിലെ പൈശാചികതകളെ കല്ലെറിഞ്ഞോടിക്കുകയാണ് ഈ കർമത്തിലൂടെ ഹാജിമാർ. ഇത് കഴിഞ്ഞ് ഹാജിമാർ ഹറമിലെത്തി കഅ്ബയെ വലയം ചെയ്യും.
സഫാ മർവാ പ്രയാണവും പൂർത്തിയാക്കി ഹാജിമാർ മിനായിലേക്ക് മടങ്ങും. ഇന്ന് ബലികർമത്തിനുശേഷം ഹാജിമാർ മുടിമുറിച്ച് ഹജ്ജ് വസ്ത്രത്തിൽനിന്ന് ഒഴിവാകും. ഇതോടെ ഹജ്ജിന് അർധ വിരാമമാകും. ഇനിയുള്ള മൂന്ന് ദിനങ്ങളിൽ കല്ലേറ് കർമം മാത്രമാണ് ഹാജിമാർക്കുണ്ടാവുക.