30 ലക്ഷം വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവുമായി കാസർകോട്ടെ എം ബി ബി എസ് വിദ്യാർഥിനിയടക്കം രണ്ട് പേർ മംഗളൂറിൽ അറസ്റ്റിലായി. തമിഴ് നാട് സ്വദേശിയും കാഞ്ഞങ്ങാട്ട് എം ബി ബി എസ് വിദ്യാർഥിനിയുമായ മിനു രശ്മി (27), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അജ്മൽ ടി (24) എന്നിവരാണ് പിടിയിലായത്. പ്രധാനപ്രതിയായ കാസർകോട്ടെ ഡോ. നാദിർ രാജ്യം വിട്ടതായി സംശയിക്കുന്നു.
30 ലക്ഷം മുതൽ ഒരു കോടി വരെ വിലവരുന്ന 1.236 കിലോഗ്രാം കഞ്ചാവ്, കാർ, രണ്ട് മൊബൈൽ ഫോൺ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. അജ്മൽ, നാദിർ എന്നിവരുമായി രശ്മിക്ക് പരിചയമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്ന് ട്രെയിനിലാണ് പ്രതികൾ മംഗളൂറിൽ എത്തിയത്. ഡോ. നാദിറിന്റെ നിർദേശപ്രകാരം അയാളുടെ സുഹൃത്തിന് കഞ്ചാവ് നൽകുന്നതിന് ദേർളക്കട്ടയിലേക്ക് പോകാനായിരുന്നു ഇവർ എത്തിയത്. മംഗളുറു സിസിബി പൊലീസ് ആണ് ഇവരെ പിടികൂടിയത്.