അൽതായിദ് : യു എ ഇ യിലെ അൽതായിദിൽ സമാപിച്ച യു എ ഇ ഫ്രണ്ട് വീൽ ഡ്രൈവ് ക്ലാസ്സ് കാർ റാലി ചാമ്പ്യൻഷിപ്പിന്റെ നാല് റൗണ്ടിലും മിന്നുന്ന വിജയം കരസ്ഥമാക്കിയ മൂസ ഷരീഫ് – സനീം സാനി സഖ്യം FWD ക്ലാസ്സ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് മാറോടണച്ചു. അഞ്ചാം റൗണ്ടിൽ കണ്ണൂർ സ്വദേശി മൻസൂർ പരോളുമായി ചേർന്നാണ് ഷരീഫ് വെന്നിക്കൊടിപാറിച്ചത്. ഈ സഖ്യം യു.എ.ഇ റാലി ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഫെഡറേഷനാണ് യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലായി റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ 29 വർഷമായി ദേശീയ-അന്തർ ദേശീയ റാലികളിൽ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയിൽ കുതിപ്പ് തുടരുകയാണ്. ഇതിനകം മത്സരിച്ച റാലികളിളെല്ലാം തിളക്കമാർന്ന വിജയമാണ് ഷരീഫ് കരസ്ഥമാക്കിയത്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടുകൾ അടക്കം 6 സ്റ്റേജുകൾ ഉൾകൊള്ളുന്നതായിരുന്നു റാലി.ഇന്ത്യൻ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ് മിസ്തുബിഷി ഇവോ 10 കാറുമായാണ് മൻസൂറുമൊത്ത് ടീം മിന്റി മോട്ടോർസ് സ്പോർട്ടിന് വേണ്ടി അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങിയത്. 2017, 2018, 2019 വർഷങ്ങളിലും മൂസാ ഷരീഫ് – സനീം സാനി സഖ്യം തന്നെയായിരുന്നു ഇവിടെ ജേതാക്കളായത്.
കാർ റാലി മേഖലയിൽ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ഖത്തർ,മലേഷ്യൻ റാലികളിലും ജേതാവായിട്ടുണ്ട്. ഇതിനകം മൂസാ ഷരീഫ് ദേശീയ കാർ റാലി കിരീടം നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്.
വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി മൂസാ ഷരീഫ് ഇന്ന് പുറപ്പെടും.
ഫോട്ടോ അടിക്കുറിപ്പ് :
യു. എ. ഇ FWD (ഫ്രന്റ് വീൽ ഡ്രൈവ്) കാർ റാലി ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിൽ വിജയം നേടിയ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ് – കണ്ണൂർ സ്വദേശി മൻസൂർ പരോൾ സഖ്യം ട്രോഫിയുമായി.