ദുബായ്: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി പിന്‍വലിച്ചെങ്കിലും മടക്കയാത്രയ്ക്കായി മലയാളി പ്രവാസികള്‍ക്ക് ഒട്ടേറെ കടമ്പകള്‍ കടക്കണം. കേരളത്തില്‍ ലഭ്യമായ കോവിഷീല്‍ഡ് വാക്സീന് യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും 4 മണിക്കൂര്‍ കാലാവധിയുള്ള ആര്‍ടി പിസിആര്‍ ടെസ്റ്റ് വേണം എന്നത് പ്രധാന തടസ്സമാകുകയാണ്.
വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായാലേ 4 മണിക്കൂര്‍ കാലാവധിയുള്ള ഫലം ലഭിക്കൂ. കേരളത്തിലെ വിമാനത്താളങ്ങളില്‍ നിലവില്‍ ഇതിനുള്ള സൗകര്യമില്ല എന്നതാണ് പ്രധാന പ്രതിസന്ധി.
ഒരുമണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് ടെസ്റ്റ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലാബ് സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കാനുമുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അനുമതി ആവശ്യമാണ്. താല്‍ക്കാലിക അനുമതി വാങ്ങി ടെസ്റ്റ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചെന്നൈ ഉള്‍പ്പെടെ ഏതാനും വിമാനത്താവളങ്ങളില്‍ മാത്രമേ ഇപ്പോള്‍ ഇതിനു സൗകര്യമുള്ളൂ.
വാക്സീന് എടുക്കാത്ത കുട്ടികളുടെ യാത്രാനുമതി സംബന്ധിച്ചും വ്യക്തതയില്ല. 6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്ന് വീസ കാലാവധി തീര്‍ന്നവരുടെ തിരിച്ചുപോക്കു സംബന്ധിച്ചും തീരുമാനം ഉണ്ടാകണം. സന്ദര്‍ശക വീസ തീര്‍ന്നവരുടെ കാര്യത്തിലും മറ്റ് എമിറേറ്റുകളിലെ വീസയുള്ളവരുടെ മടക്കയാത്ര സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.
ഇക്കാര്യങ്ങള്‍ യുഎഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവ പൂര്‍വമായ തീരുമാനം പ്രതീക്ഷിക്കുന്നതായും യുഎഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍കപൂര്‍ പ്രതികരിച്ചു.
ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ചെലവിലാണോ സര്‍ക്കാര്‍ ചെലവിലാണോ ഇതു വേണ്ടതെന്ന് നിര്‍ദേശമില്ല. നിലവില്‍ താമസവീസക്കാര്‍ക്ക് ക്വാറന്റീന് സൗജ്യമായിരുന്നു.
വാക്സീനില്‍ അസ്ട്രസെനകയുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് മടക്കയാത്രയ്ക്കു തടസമില്ലെങ്കിലും രാജ്യാന്തര അംഗീകാരത്തിന് കാത്തിരിക്കുന്ന കോവാക്സീന് സ്വീകരിച്ചവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.
അതേസമയം, നിരവധി ആശങ്കകള്‍ക്കിടയിലും 23 മുതല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എയര്‍ബബിള്‍ കരാറും തുടരുന്നതിനാല്‍ തടസ്സങ്ങള്‍ പരിഹരിച്ച് യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അതിനിടെ, ഇന്ത്യയിലെ കൊവിഷീല്‍ഡും അസ്ട്രാസെനകയും ഒന്നാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ആദ്യമായാണ് ഇക്കാര്യത്തില്‍ ദുബായിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.