ആദൂർ: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കർണ്ണാടക ബണ്ട്വാൾ സ്വദേശി സുബൈർ ദാരിമി (45)യെയാണ് ആദൂർ സി.ഐ എ.അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ അധ്യാപകൻ നേരത്തെ ജോലി ചെയ്തിരുന്ന ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന മദ്രസയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ചന്ദ്രൻ ചേരിപ്പാടി, അജയ് വിൽസൺ, സഞ്ജീവ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.