കാസർകോട് ജില്ലയിലെ വാക്‌സീൻ വിതരണം: പകുതി ഓൺലൈൻ, പകുതി സ്‌പോട് രജിസ്ട്രേഷൻ വഴിയും

Latest പ്രാദേശികം

കാസർകോട് ∙ ജില്ലയിലെ എല്ലാ വാക്‌സീനേഷൻ കേന്ദ്രങ്ങളിലും ഇനി മുതൽ അനുവദിക്കുന്ന വാക്‌സീൻ ഡോസുകൾ പകുതി ഓൺലൈൻ റജിസ്ട്രേഷൻ വഴിയും പകുതി സ്‌പോട് റജിസ്ട്രേഷൻ വഴിയും നൽകുമെന്ന് ഡിഎംഒ ഡോ. കെ.ആർ.രാജൻ അറിയിച്ചു. ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നവർ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തിരഞ്ഞെടുക്കാവൂ. ഇവർ വാക്സിനേഷനായി പോകുമ്പോൾ താമസസ്ഥലം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.

മറ്റു പഞ്ചായത്തിൽ കേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് ഒരു കാരണവശാലും വാക്‌സീൻ നൽകില്ല. സ്‌പോട് റജിസ്‌ട്രേഷൻ വഴി നൽകുന്നതിന്റെ 20 ശതമാനം രണ്ടാം ഡോസ് നൽകാനായും ബാക്കി മുൻഗണനാക്രമമനുസരിച്ച് 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിവിഭാഗത്തിൽപെട്ടവർ, എസ്‌സി, എസ്ടി വിഭാഗത്തിൽപെട്ടവർ, പ്രവാസികൾ, ഇതര സംസ്ഥാനങ്ങളിൽ പഠനാവശ്യാർഥം പോകേണ്ട വിദ്യാർഥികൾ, മറ്റു ഗുരുതര രോഗബാധിതർ എന്നിവർക്കായി നീക്കിവയ്ക്കും.

വാക്‌സീൻ ലഭിക്കാൻ അർഹതയുള്ള മുൻഗണനാ വിഭാഗത്തെ ആരോഗ്യപ്രവർത്തകർ കണ്ടെത്തി അറിയിപ്പ് നൽകി വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്താൻ നിർദേശം നൽകും. മറ്റൊരു പരിഗണനയോ ഇടപെടലുകളോ വാക്‌സിനേഷൻ കാര്യത്തിൽ പാടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായം തേടണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ കോവിഡ് വാക്‌സീൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് ജില്ലാ കൊറോണ കോർകമ്മിറ്റി യോഗത്തിൽ തിരുമാനിച്ചതിനെ തുടർന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *