വിദ്യാനഗർ ബി.സി. റോഡിൽ പഴം-പച്ചക്കറിക്കടയിൽ ജനൽ തകർത്ത് കവർച്ച

Latest ഇന്ത്യ കേരളം പ്രാദേശികം

വിദ്യാനഗർ: വിദ്യാനഗർ ബി.സി. റോഡിൽ ദേശീയപാതയോട് ചേർന്നുള്ള പഴം-പച്ചക്കറിക്കടയിൽ ജനൽ തകർത്ത് കവർച്ച.

വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് െപ്രാമോഷൻ കൗൺസിലിന് കീഴിലുള്ള കടയിലാണ് കവർച്ച നടന്നത്.

സമീപത്തെ മാർക്കറ്റ് ഫെഡിന്റെ ഓഫീസിലും കവർച്ചശ്രമം നടന്നു.

മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചനിലയിലാണ്.

കാസർകോട് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ദേശീയപാതാ വികസനത്തിനായി വിദ്യാനഗർ ജലഅതോറിറ്റി ഡിവിഷണൽ ഓഫീസിന്‌ സമീപത്തെ ഓഫീസ് വിട്ടുനൽകേണ്ടിവന്നതിനെ തുടർന്നാണ് മാർക്കറ്റിങ് സൊസൈറ്റി ഓഫീസ് താത്കാലികമായി ഇവിടേക്ക് മാറ്റിയിരുന്നത്.

തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.

പിറകുഭാഗത്തെ ജനൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഉൾവശത്തെ വാതിൽ തകർത്ത് മുൻഭാഗത്തെ മേശമുകളിൽ ഇരുമ്പുപെട്ടിയിൽ വെച്ചിരുന്ന പണം കവരുകയായിരുന്നു.

ജനലിന്റെ ഇരുമ്പുകമ്പി ഉപയോഗിച്ചാണ് ഉൾഭാഗത്തെ വാതിൽ പൊളിച്ചത്.

പള്ളിക്കരയിലെ സ്വാശ്രയ കർഷകസമിതി പ്രസിഡന്റ് കൂടിയായ രംഗനാഥനാണ് കട നടത്തുന്നത്.

ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കട അടച്ചിരുന്നത്. ഞായറാഴ്ച തുറന്നിരുന്നില്ല.

മേശമുകളിലുണ്ടായിരുന്ന ചെറിയ ഇരുമ്പുപെട്ടിയിൽ 1000 രൂപയിൽ താഴെ മാത്രമാണുണ്ടായിരുന്നത്.

മറ്റൊരു സ്ഥലത്ത് കുറച്ച് പണം വെച്ചിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപെട്ടില്ല.

കടയിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

മാസ്ക് ധരിച്ച യുവാവാണ് കവർച്ച നടത്തിയത്.

ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് കവർച്ച നടന്നത്.

പിറകു ഭാഗത്തെ ജനൽ കാലപ്പഴക്കത്താൽ ദ്രവിച്ച നിലയിലായിരുന്നു. കടയുടെ മുൻഭാഗത്തെ നിരീക്ഷണ ക്യാമറകളിൽ ഒന്ന് ഒരാഴ്ച മുൻപ്‌ നശിപ്പിച്ചിരുന്നു.

രംഗനാഥന്റെ പരാതിയിൽ വിദ്യാനഗർ എസ്.ഐ. കെ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

രാത്രിയിൽ കടയുടെ പിറകിലെ വിജനമായ സ്ഥലങ്ങളിൽ മയക്കുമരുന്ന് സംഘം താവളമാക്കുന്നതായും പരിസരവാസികൾക്ക് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *