കോഴിക്കോട് | മുഖ്യമന്ത്രി പിണറായി
വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അതിരൂക്ഷമായാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടന്നത്. “ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നായിരുന്നു ഷാഫി പറമ്പിൽ എംഎൽഎയുടെ പോസ്റ്റ്. ഇത് ഏറ്റുപിടിച്ച് പലരും സേഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയും ചെയ്തു. എന്നാൽ കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി അധികാരമേൽക്കുന്ന ചടങ്ങിൽ ആൾക്കൂട്ടമുണ്ടായതോടെ ഈ ക്യാമ്പയിൻ അതേ നാണയത്തിൽ തിരിച്ചു പ്രയോഗിക്കുകയാണ് ഇടതുപക്ഷം. ആ ആഞ്ഞൂറിൽ ഞങ്ങളില്ല…! എന്ന ഇടത് എംഎൽഎ ലിന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ ഒഴുക്കാണ്. ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയും സ്ക്രീൻ ഷോട്ടുകൾ എടുത്തും പ്രചരിപ്പിച്ച് ചുട്ട മറുപടി നൽകുന്നുണ്ട് സഖാക്കൾ. എ കെ ജി സെന്ററിൽ കേക്ക് മുറിച്ചപ്പോൾ കുരുപൊട്ടിയവരെല്ലാം എവിടെ? ഈ 500 ൽ ഞങ്ങളില്ല എന്ന് പോസ്റ്റിട്ടവരൊക്കെ എവിടെ…?? തുടങ്ങിയ ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. “ലഡു വിതരണം ചെയ്താൽ കൊറോണ വരും, പൂ മാലയിട്ട് സ്വീകരിച്ചാൽ കൊറോണ വരില്ല” എന്ന് പരിഹസിക്കുന്നവരും ഉണ്ട്.
ട്രോളർമാരും സംഗതി നന്നായി ആഘോഷിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം കൃത്യമായി അകലം പാലിച്ചാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അതിഥികളെ ഇരുത്തിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചതും. എന്നാൽ ഒരു അകലവും പാലിക്കാതെ കൊവിഡ് പ്രോട്ടോകോൾ നഗ്നമായി ലംഘിക്കുന്ന രീതിയിലായിരുന്നു സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്.