നിർമാതാവ് വിജയ് ബാബുവിനെതിരേ നൽകിയ ലൈംഗിക പീഡന പരാതിയിൽ വിശദീകരണവുമായി ഇര. ചലച്ചിത്രമേഖലയിൽ വിജയ് ബാബുവിനുള്ള സ്വാധീനം ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചുവെന്നും ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോൾ ബലമായി ചവിട്ടുകയും മുഖത്ത് കഫം തുപ്പുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവർ വിശദീകരണവുമായി രംഗത്ത് വന്നത്. വിജയ് ബാബു നിർമിച്ച ഒരു ചിത്രത്തിലെ അഭിനേത്രിയാണ് ഈ യുവതി.
കുറിപ്പിന്റെ പൂർണരൂപം:
ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു.
എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.
N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.