ജോലിക്ക് പോകരുതെന്ന് പറഞ്ഞ് ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

Latest കേരളം

തിരുവനന്തപുരം: മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ജോലിക്ക് പോകരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മേപ്പുക്കട സ്വദേശി ദിലീപാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിക്ക് പോയി തിരിച്ചു വന്ന യുവതിയെ മദ്യപിച്ചു വന്ന ഭര്‍ത്താവ് ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ഇടയില്‍ മുഖത്തു നിന്നു ചോര വന്നിട്ടും നിര്‍ത്തിയില്ല. ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകില്ലെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

ജോലിക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ പോകുന്നതെന്നും യുവതി പറയുന്നതും വീഡിയോയില്‍ ഉണ്ട്.സ്ഥിരമായി മദ്യപിച്ചെത്തുന്ന ദിലീപ് യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

ഇവരില്‍ ചിലരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടാതെ ഫോണില്‍ നിന്നും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *