11 മക്കളുണ്ട്, സ്വത്തുണ്ട്… സംരക്ഷിക്കാന്‍ ആരുമില്ലാതെ ദയാവധത്തിന് അനുമതി തേടി ഈ അമ്മ

Latest ഇന്ത്യ

11 മക്കളുണ്ട്. 30 ഏക്കര്‍ സ്ഥലവും ഏഴ് വീടുകളും ഉണ്ട്. എന്നിട്ടും സംരക്ഷിക്കാനാരുമില്ലെന്ന് പറഞ്ഞ് ദയാവധത്തിന് അനുമതി തേടുകയാണ് വയോധിക. കർണാടകയിലാണ് സംഭവം. പുട്ടവ്വ ഹനമന്തപ്പ എന്ന 75കാരിയാണ് ദയാവധം തേടി രാഷ്ട്രപതിക്ക് ഹരജി സമര്‍പ്പിച്ചതെന്ന് വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയാണ് പുട്ടവ്വ ഹനമന്തപ്പ. ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയെങ്കിലും വാര്‍ധക്യത്തില്‍ ആരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന് വയോധിക ഹരജിയിൽ ചൂണ്ടിക്കാട്ടി.

രോഗബാധിതയായതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് പുട്ടവ്വ പറയുന്നു.ഹാവേരി ജില്ലാ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ തനിച്ചിരുന്ന് കരയുകയായിരുന്ന വയോധികയോട് വിവരം തിരക്കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്.

30 ഏക്കറും 7 വീടുകളുണ്ടായിട്ടും വരുമാനത്തിന്റെ പങ്ക് നൽകാൻ മക്കൾ തയ്യാറല്ലെന്ന് വൃദ്ധ പറഞ്ഞു. അയൽവാസികളാണ് ഭക്ഷണം നല്‍കുന്നതെന്നും പുട്ടവ്വ പറഞ്ഞു. കമ്മീഷണര്‍ മുഖേനയാണ് രാഷ്ട്രപതിക്ക് ദയാവധത്തിന് ഹരജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *