വളാഞ്ചേരി (മലപ്പുറം): ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു. ബന്ധുക്കളുടെ പരാതിയനുസരിച്ച് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെട്ടിച്ചിറ പുന്നത്തല എടമന മുസ്ല്യാരകത്ത് മുജീബ്-ആമിന ദമ്പതിമാരുടെ മകൾ സഫാന(24) യാണ് മരിച്ചത്.
രണ്ടത്താണിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ നാലിനാണ് സഫാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.കോടതി ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
സഫാനയുടെ ഖബറടക്കം വെട്ടിച്ചിറ മുഴങ്ങാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർത്തൃവീട്ടിൽനിന്ന് പീഡനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന് സഫാനയുടെ പിതാവ് മുജീബ് പറഞ്ഞു.
ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മൂത്രം ദേഹത്തായെന്ന് പറഞ്ഞ് ഭർത്താവ് സഫാനയെ മർദിച്ചെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.