യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ, ക്രൂരമായി മർദിച്ചെന്ന് ബന്ധുക്കൾ

Latest

മമ്പാട്: മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിലിൽ ഷമീമിന്റെ ഭാര്യ സുൽഫത്തിനെ (25) യാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് ഷമീമിനെ (32) അറസ്റ്റ് ചെയ്തു.മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷമീമിനെ അറസ്റ്റുചെയ്തത്.

ഷമീം ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ മർദനമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സുൽഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാർ രാവിലെ കാണുമ്പോൾ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയിരുന്ന നിലയിലാണ്. ശരീരത്തിൽ കയർ മുറുകിയതിന്റെ പാടുകൾ ഒന്നും കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാൽ ദേഹത്ത് മറ്റു പരിക്കുകളുള്ളതായി പറയുന്നുണ്ട്.സുൽഫത്ത് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറഞ്ഞു. അതേ സമയം സുൽഫത്തിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായി പറയുന്നു.

പൂക്കോട്ടുമണ്ണ മുത്തെക്കൽ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുൽഫത്ത്. അൽഹാന ഫാത്തിമ, മുഹമ്മദ് ഹയാൻ എന്നിവരാണ് മക്കൾ. മൃതദേഹം വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം പൂക്കോട്ടുമണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *