വാക്ക് പാലിച്ച് യൂസഫലി; ആമിനയ്ക്കും സെയ്ത് മുഹമ്മദിനും കിടപ്പാടം തിരിച്ചു കിട്ടി

Latest കേരളം പ്രാദേശികം

ജപ്തി ഭീഷണിയിൽ നിന്ന ആമിനയ്ക്ക് എംഎ യൂസഫലിയുടെ ഇടപെടലിൽ കിടപ്പാടം തിരിച്ചു കിട്ടി. ആറ് വർഷം മുമ്പ് ഇളയമകളുടെ വിവാഹം നടത്താനാണ് ഇവരുടെ വീടിരുന്ന 9 സെന്റ് സ്ഥലം ഈടു വെച്ച് ആമിനയും ഭർത്താവ് സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ വായ്പയെടുത്തത്.

തങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്ന് വായ്പ തിരിച്ചടച്ചു വരികയായിരുന്നു ഇവർ.

എന്നാൽ സെയ്ദ് മുഹമ്മദ് അസുഖ ബാധിതനായതോടെ അത് മുടങ്ങി. പലിശ കൂടുകയും തിരിച്ചടവില്ലാതെ വന്നതോടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിക്കുകയും ചെയ്തു.

എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കെയാണ് ആമിനയ്ക്ക് യൂസഫലിയെ കാണാനായത്. സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ പോവാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതായിരുന്നു ആമിന.

ഹെലികോപ്ടർ അപകടം ഉണ്ടായപ്പോൾ സഹായിച്ചവരെ കാണാൻ എംഎ യൂസഫലി എത്തിയതറിഞ്ഞ ആമിന അവിടേക്ക് പോവുകയായിരുന്നു.

മടങ്ങാനിറങ്ങിയ യൂസഫലി കാറിലേക്ക് കയറാന്‍ നോക്കവെയാണ് ആമിനയെത്തിയത്. ഒരു തുണ്ട് കടലാസായിരുന്നു കൈയ്യില്‍.

ഇത് യൂസഫലിക്ക് നല്‍കി. അപ്പോള്‍ തന്നെ കടലാസ് തുറന്നു വായിച്ച യൂസഫലി ഏത് ബാങ്കാണ്, എത്ര രൂപയാണ് അടയ്ക്കാനുള്ളത് എന്ന് ചോദിച്ചു.

മറുപടി കേട്ട ശേഷം ‘ജപ്തി ചെയ്യില്ല ഞാന്‍ വേണ്ടത് ചെയ്യാം എന്ന് യൂസഫലി ഉറപ്പ് നല്‍കി.

ആമിന നല്‍കിയ കടലാസ് യൂസഫലി തന്റെ സഹായികളുടെ കൈയ്യില്‍ കൊടുത്ത് ബാങ്കിൽ പോയി പണമടയ്ക്കാൻ യൂസഫലി സഹായികളോട് പറഞ്ഞു.

നാളെ തന്നെ ഇക്കാര്യം ചെയ്യണമെന്ന് കാറില്‍ കയറിയ ശേഷം യൂസഫലി സഹായികളോട് ആവശ്യപ്പെടുകയും ചെയ്തു. നിറകണ്ണുകളോടെ കൈകൂപ്പിയാണ് ആമിന യൂസഫലിയെ യാത്രയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *