▪️തളിപ്പറമ്പ്: എസ്.എം.എ. (സ്പൈനൽ മസ്കുലാർ അട്രോഫി) ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ രണ്ടരവയസ്സുകാരൻ മുഹമ്മദ് ഖാസിം സോൾജെൻസ്മ ജീൻ തെറാപ്പി ചികിത്സയ്ക്ക് ശേഷം നിവർന്നുനിന്ന് തുടങ്ങി.
ആസ്പത്രിയിൽനിന്ന് നാട്ടിലെത്തിയ ഖാസിമിനെയും കുടുംബത്തെയും ചികിത്സാ സഹായക്കമ്മിറ്റി അധ്യക്ഷയായ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം.അജ്മൽ, ഉനൈസ് എരുവാട്ടി, റിയാസ് കെ.എം.ആർ, ടി.വി.മൈമൂനത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.ഡോക്ടർമാരുടെ നിർദേശപ്രകാരം സന്ദർശകരെ അനുവദിക്കുന്നില്ല.
തുടർചികിത്സയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി തിങ്കളാഴ്ച തുടങ്ങും. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിനാണ് എസ്.എം.എ. ചികിത്സയുടെ ഭാഗമായി ഖാസിമിനെ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒക്ടോബർ രണ്ടിന് സോൾജെൻസ്മ മരുന്ന് അടങ്ങിയ ഇഞ്ചക്ഷൻ നൽകി. ഡോക്ടർമാരായ ആൻ ആഗ്നസ് മാത്യു, മാധുരി, രമ്യ എന്നിവരുടെ മേൽനോട്ടത്തിലാണ് ഇഞ്ചക്ഷൻ നൽകിയത്.
ബെംഗളൂരു കെ.എം.സി.സി.യാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം.പി. എന്നിവരെ മുഖ്യ രക്ഷാധികരികളാക്കി ജൂലായ് 26-നാണ് ചികിത്സാസഹായ സമിതി രൂപവത്കരിച്ചത്.
കൂലിപ്പണിക്കാർ, ഓട്ടോ തൊഴിലാളികൾ, ബസ് ജീവനക്കാർ തുടങ്ങിയവരുടെ ഒരു ദിവസത്തെ വേതനവും തളിപ്പറമ്പ് മാർക്കറ്റിൽനിന്ന് സമാഹരിച്ച മൂന്നുലക്ഷം രൂപയുമാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്.
കുട്ടിക്ക് രണ്ട് വയസ്സാകാൻ 50 ദിവസം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
സോൾജെൻസ്മ രണ്ട് വയസ്സിനുള്ളിൽ നൽകിയാൽ മാത്രമേ ചികിത്സ ഫലപ്രദമാകൂ.മാട്ടൂൽ മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റി ഏഴുകോടി രൂപ നൽകി.
വിദേശരാജ്യങ്ങളിൽനിന്ന് അതിഥിത്തൊഴിലാളികൾ വാർത്ത ഹിന്ദിയിൽ തർജമചെയ്ത് സ്വന്തം നാടുകളിലെത്തിച്ചതുവഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് സഹായമെത്തി. ഒരുമാസവും മൂന്നുദിവസവുംകൊണ്ട് 17,32,82,146 രൂപ സമാഹരിച്ചു.
കെ.സുധാകരൻ എം.പി. നൽകിയ കത്ത് പരിഗണിച്ച് കേന്ദ്രസർക്കാർ മരുന്നിന് ജി.എസ്.ടി. ഇളവ് നൽകിയിരുന്നു.16 കോടി രൂപയാണ് സോൾജെൻസ്മ മരുന്നിന് ചെലവായത്.
ബാക്കിത്തുക ഇതേ അസുഖം ബാധിച്ച ലക്ഷദ്വീപിലെ ഇശൽ മറിയത്തിന് നൽകി. ബെംഗളൂരുവിൽനിന്ന് അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഖാസിം നാട്ടിലെത്തിയത്.
നിവർന്നുനിന്ന് തുടങ്ങിയെങ്കിലും കുട്ടിക്ക് ആഴ്ചയിൽ അഞ്ചുദിവസം വീതം ദീർഘകാലം ഫിസിയോതെറാപ്പി ചികിത്സ ആവശ്യമാണ്. ശരീരത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന അസുഖമാണിത്.
ഉമ്മ പി.പി.എം.ഫാത്തിമത്ത് ഷാക്കിറയും ഉപ്പുപ്പ പി.പി.മെഹറൂഫും അമ്മാവൻ ഹാഫിസ് മുഹമ്മദ് സ്വാലിഹും ഉമ്മുമ്മ എം.ഹാജിറയുമടങ്ങുന്നതാണ് ഖാസിമിന്റെ കുടുംബം.========================