മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തിയിട്ട് 51 വർഷം തികയുന്നു. 1971ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ഒരു ചെറിയ രംഗത്തിലൂടെയാണ് നടന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. ഈ വേളയിൽ നടന്റെ അഭിനയ ജീവിതത്തതിന്റെ 51-ാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ.’ഒരുപാട് വീഴ്ചകളും താഴ്ചകളും അതിജീവിച്ചു തന്നിലെ പ്രതിഭയെ നിരന്തരം പരീക്ഷിച്ച് അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പെടുത്ത സാമ്രാജ്യം.
പകരം വെക്കാൻ ഇല്ലാത്ത മഹാപ്രതിഭ സിനിമയിലെത്തിട്ട് 51വർഷങ്ങൾ’, ‘അഭിനയത്തോട് അടങ്ങാത്ത ആർത്തിയുള്ള മനുഷ്യന്റെ തിരശീലയിലെ 51 വർഷങ്ങൾ’, ’51 വർഷം, 400ന് മുകളിൽ സിനിമകൾ, ആറ് തലമുറകളെ അത്ഭുതപ്പെടുത്തിയ വിസ്മയം’, എന്നിങ്ങനെ പോകുന്നു നടനെക്കുറിച്ചുള്ള ആരാധകരുടെ വാക്കുകൾ.ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ ’51 ഇയേഴ്സ് ഓഫ് മമ്മൂട്ടിസം’ എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്.
നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’, തെലുങ്ക് ചിത്രം ‘ഏജന്റ്’ തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. നടനിപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ത്രില്ലർ വിഭാഗത്തിലുള്ള സിനിമയുടെ ചിത്രീകരണം കോതമംഗലത്ത് പുരോഗമിക്കുകയാണ്.