ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള രംഗത്തെത്തിയത് വാർത്തയായി മാറിയിരുന്നു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നടി, 5ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിയിൽ ഹരജി ഫയൽ ചെയ്യുകയായിരുന്നു. വയർലെസ്സ് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. വയർലെസ്സ് സാങ്കേതികവിദ്യ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തലെന്നും ജൂഹി ചൗള ഹരജിയിൽ പറഞ്ഞിരുന്നു.
ജൂഹി ചൗള നൽകിയ ഹരജിയിൽ ഇന്ന് ഡൽഹി ഹൈക്കോടതി വാദം കേട്ടിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംഘടിപ്പിച്ച വാദം കേൾക്കൽ അജ്ഞാതർ തടസ്സപ്പെടുത്തി. ജൂഹി ചൗള അഭിനയിച്ച സിനിമകളിലെ ഗാനം ആലപിച്ചും മറ്റുമാണ് വാദം കേൾക്കൽ ആവർത്തിച്ച് തടസ്സപ്പെടുത്തിയത്. വെബ്‌എക്‌സ് പ്ലാറ്റ്‌ഫോമിൽ നടന്ന വെർച്വൽ കോർട്ട്റൂമിൽ മൂന്ന് തവണയായി ആരോ പ്രവേശിച്ച് ‘മേരി ബന്നോ കി അയേഗി ബറാത്ത്’ പോലുള്ള ഗാനങ്ങൾ ആലപിക്കാൻ തുടങ്ങുകയായിരുന്നു. നടിമാരായ ‘മനീഷ കൊയ്‌രാള’, ‘ജാൻവി’ എന്നിവരുടെ പേരുകളിലാണ് സ്‌ക്രീനിൽ അജ്ഞാതർ പ്രത്യക്ഷപ്പെട്ടത്.