കാസറഗോഡ് സിവിൽ സ്റ്റേഷൻ-റെയിൽവെ സ്റ്റേഷൻ കെ.എസ് ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം: എസ്.ഇ.യു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് : കാസറഗോഡ് റെയിൽവെ സ്റ്റേഷനിലിറങ്ങുന്ന നൂറു കണക്കിന് ജീവനക്കാർക്കും , പൊതുജനങ്ങൾക്കും ജില്ലാ ആസ്ഥാനത്തെ വിവിധ ഓഫീസുകളിൽ എത്തിച്ചേരാൻ സഹായകമായിരുന്ന റെയിൽവെ സ്റ്റേഷൻ – സിവിൽ സ്‌റ്റേഷൻ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന്
സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാവിലെ കാസറഗോഡ് റയിൽവെ സ്റ്റേഷനിൽ എത്തിച്ചേരുന്ന മലബാർ, കണ്ണൂർ – മാംഗളൂർ പാസഞ്ചർ ട്രെയിനുകളുടെ സമയത്തിനനുസരിച്ചും വൈകിട്ട് തിരിച്ചും നാലോളം കെ.എസ്.ആർ.ടി. ബസ്സുകളാണ് സർവ്വീസ് നടത്തിയിരുന്നത്. സിവിൽ സ്റ്റേഷൻ , കോടതി ഉൾപ്പെടെ ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാർക്ക് ഓഫീസ് സമയത്ത് ഹാജരാകാൻ പറ്റുന്ന വിധത്തിലായിരുന്നു സർവ്വീസ് ക്രമീകരിച്ചിരുന്നത്. കോവിഡ് മഹാമാരി മൂലം ട്രെയിൻ സർവീസ് നിലച്ചതിനെ തുടർന്നാണ് പ്രസ്തുത ബസ് സർവ്വീസുകളും നിർത്തലാക്കിയത്.എന്നാൽ ട്രെയിൻ സർവ്വീസ് നിലവിൽ പുനരാരംഭിച്ചുവെങ്കിലും കെ.എസ്.ആർ.ടി.സി സർവ്വീസ് നാളിതുവരെ പുനരാരംഭിച്ചിട്ടില്ല. ജില്ലാ അധികാരികൾ ആവശ്യപ്പെട്ടിട്ടും ബസുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി അധികൃതൽ ഇക്കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയാണെന്ന് എസ്.ഇ.യു യോഗം കുറ്റപ്പെടുത്തി.
ജില്ലാ ആസ്ഥാനത്തെ ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ ബസ് സർവ്വീസുകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, കാസറഗോഡ് എം.എൽ.എ എന്നിവർക്ക് എസ്.ഇ.യു നിവേദനം സമർപ്പിച്ചു.

യോഗം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ നെല്ലിക്കട്ടയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിയാദ്.പി സ്വാഗതവും മുഹമ്മദലി.കെ.എൻ.പി നന്ദിയും പറഞ്ഞു. ഒ.എം.ഷഫീഖ്, ടി.എ.സലീം, അഷ്റഫ് കല്ലിങ്കാൽ, ഹംസത്ത്.കെ.പി, മുസ്തഫ.കെ.എ, അഷ്റഫ് ബാലടുക്കം പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *