പുതുമോടിയിലേക്ക് ബേക്കല്‍ ബീച് പാര്‍ക്; കൂടുതൽ ഇനങ്ങൾ ഉൾപെടുത്തും; നവീകരണത്തിന് ഏഴ് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

Latest ഇന്ത്യ കേരളം വിനോദം

ബേക്കല്‍:ബേക്കൽ ബീച് പാര്‍ക് ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബിആര്‍ഡിസി സമര്‍പിച്ച പ്രൊജക്ടിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.

11 ഏകെര്‍ വിസ്തൃതിയിലുള്ള പാര്‍ക് 2000-ലാണ് അവസാനമായി നവീകരിച്ചത്.നിലവില്‍ ബിആര്‍ഡിസിയില്‍ നിന്ന് ടെൻഡര്‍ നടപടിയിലൂടെ പള്ളിക്കര സെർവീസ് സഹകരണ ബാങ്ക് ആണ് പാര്‍ക് ഏറ്റെടുത്ത് നടത്തുന്നത്.

മാസത്തില്‍ ബാങ്ക് 7.50 ലക്ഷം രൂപ ബിആര്‍ഡിസിക്ക് നല്‍കണം.

പാര്‍ക് കൂടുതല്‍ നവീകരിച്ച് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബിആര്‍ഡിസി അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് സമര്‍പിച്ചത്.

ഇതില്‍ 2.50 കോടി രൂപ ടൂറിസം പ്ലാന്‍ ഫൻഡില്‍ നിന്നും അനുവദിക്കുമ്പോള്‍ 2.50 കോടി രൂപ ബിആര്‍ഡിസി സ്വന്തം ഫൻഡ് ചെലവഴിക്കും.

പള്ളിക്കര സെർവീസ് സഹകരണ ബാങ്ക് ഭരണ സമിതി നിലവിലുള്ള നടത്തിപ്പ് രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയാല്‍ രണ്ട് കോടി രൂപ പാര്‍ക് നവീകരണ പ്രൊജക്ടില്‍ ചെലവഴിക്കാന്‍ തയ്യാറാണെന്ന് സി എച് കുഞ്ഞമ്പു എംഎല്‍എ മുഖേന ടൂറിസം സെക്രടറിക്ക് ഹരജി സമര്‍പിച്ചിരുന്നു.

ഇത് പരിഗണിക്കുന്നതിന് അനുകൂലമായാണ് വകുപ്പ് പ്രതികരിച്ചിട്ടുള്ളത്. നവംബർ 20 ലെ സംസ്ഥാന ടൂറിസം വര്‍കിങ് ഗ്രൂപ് ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

മനോഹരമായ പ്രവേശന കവാടം, പുല്‍തകിടികള്‍ക്കിടയിലൂടെയുള്ള നടപ്പാതകള്‍, പൂന്തോട്ടം, ശില്‍പ്പത്തോടെയുള്ള റൗൻഡ് എബൗട്, ബോടിന്റെ മാതൃകയിലുള്ള ശില്‍പങ്ങള്‍, ലൈറ്റുകള്‍, പുതിയ കളിക്കോപ്പുകള്‍, സ്റ്റേ കേറ്റിംഗ് ഏരിയ, ആംഫി തീയേറ്റര്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പുതിയ പ്രൊജക്ടിന്റെ ഭാഗമായി ചെയ്യും.

പള്ളിക്കര സെർവീസ് സഹകരണ ബാങ്കിനെ പ്രൊജക്ട് നവീകരണത്തിന്റെ ഭാഗമായി ഉള്‍പെടുത്തുന്നതോടെ നിലവിലുള്ള പ്രൊജക്ടില്‍ കൂടുതല്‍ ഇനങ്ങൾ ഉള്‍പെടുത്താന്‍ സാധിക്കും.

പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഉന്നതതല യോഗം വിളിക്കുമെന്ന് സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *