തമിഴ്നാട്ടിൽ ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു.
11ആം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുറിപ്പ് എഴുതിവെച്ചശേഷം തൂങ്ങിമരിച്ചത്.
ചെന്നൈയിലാണ് സംഭവം.താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പെണ്‍കുട്ടി കുറിപ്പില്‍ വിശദീകരിച്ചു.
അമ്മ പുറത്തുപോയ സമയത്താണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
സമൂഹത്തിൽ പെൺകുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് ആൺമക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചുകൊണ്ടാണ് കത്തിന്‍റെ തുടക്കം- ‘ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമാണ് സുരക്ഷിതമായ സ്ഥലം. ലൈംഗികാതിക്രമം അവസാനിപ്പിക്കുക’- കുറിപ്പിൽ പറയുന്നു.
പെൺകുട്ടിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്.
പെൺകുട്ടി നേരത്തേ പഠിച്ചിരുന്ന സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു യുവാവ് സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഇയാള്‍ കോളജ് വിദ്യാര്‍ഥിയാണ്.
ശല്യം കാരണം സ്കൂൾ മാറിയതിന് ശേഷവും യുവാവ് പെൺകുട്ടിയെ നിരന്തരം പിന്തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ കോളജ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു.
പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പഠിക്കാൻ പോലും കഴിയാത്ത വിധം മാനസികമായി അസ്വസ്ഥയായിരുന്നുവെന്ന് പെൺകുട്ടി കത്തിൽ പറയുന്നു.
ശരിക്കൊന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കുട്ടി കത്തില്‍ വിശദീകരിച്ചു.
കേസ് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് സംഘം അന്വേഷണം തുടരുകയാണ്.