ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്.
“കഴിഞ്ഞ വർഷം രാജ്യത്തെ 730 ഡോക്ടർമാരെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഈ വർഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 244 പേരെയും നഷ്ടപ്പെട്ടു. രണ്ടാം തരംഗം എല്ലാവർക്കും പ്രത്യേകിച്ച് കോവിഡ് പോരാട്ടത്തിന്‍റെ മുൻനിരയിലുള്ളവർക്ക് അങ്ങേയറ്റം മാരകമാണെന്ന് തെളിയിക്കുന്നതാണിത്.. വൈറസിനെ പ്രതിരോധിക്കാൻ മെഡിക്കൽ സ്റ്റാഫുകൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് സജീവമായി വർദ്ധിപ്പിക്കേണ്ടതുണ്ട്’ എന്നാണ് ദി ഹിന്ദുവിനോട് സംസാരിക്കവെ ഐഎംഎ പ്രസിഡന്റ് ജെ.എ ജയലാൽ അറിയിച്ചത്.