മംഗ്ളൂറിലും ബെംഗ്ളൂറിലും സിഖ് വിദ്യാർഥികളുടെ തലപ്പാവ് വിലക്കി; പ്രശ്‌നം കൂടുതൽ സങ്കീർണതയിലേക്ക്

Latest ഇന്ത്യ

മംഗ്ളുറു: ക്ലാസ് മുറികളിൽ മതചിഹ്ന വേഷങ്ങൾ പാടില്ലെന്ന കർണാടക ഹൈകോടതി നിർദേശം കൂടുതൽ സങ്കീർണതയിലേക്ക്. വ്യാഴാഴ്ച മംഗ്ളൂറിൽ സ്കൂൾ വിദ്യാർഥിയേയും ബെംഗ്ളൂറിൽ കോളജ് വിദ്യാർഥിനിയേയും തലപ്പാവ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം ഉയർന്നു.

മംഗ്ളൂറിൽ ആറു വയസുകാരനും ബെംഗ്ളൂറിൽ 17കാരിയുമാണ് വിലക്ക് നേരിട്ടത്.തലപ്പാവും, കൃപാണും ധരിക്കാൻ സിഖ് മത വിശ്വാസികൾക്ക് അനുമതിയുണ്ട്.

ഇത് ലംഘിച്ച വിദ്യാലയത്തിന്റെ നടപടി സംബന്ധിച്ച് അന്വേഷിച്ച് റിപോർട് സമർപിക്കാൻ ദക്ഷിണ കന്നഡ ജില്ല ശിശുക്ഷേമ സമിതി, ചൈൽഡ് ലൈൻ വിഭാഗത്തിന് നിർദേശം നൽകിയതായി സമിതി ചെയർമാൻ റെന്നീ ഡിസൂസ പറഞ്ഞു.

ഫെബ്രുവരി 10ന് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല വാക്കാൽ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ അധികൃതരുടെ നിലപാടെന്നാണ് അവർ അറിയിച്ചതെന്ന് ഡിസൂസ കൂട്ടിച്ചേർത്തു.

കുട്ടിയുടെ ക്ലാസ് പ്രവേശക്കാര്യത്തിൽ ഈമാസം 28നകം തീരുമാനം ഉണ്ടാവും എന്ന് പ്രശ്നത്തിൽ ഇടപെട്ട രാഷ്ട്രീയ സിഖ് സംഘത് ഭാരവാഹികളെ സ്കൂൾ അധികൃതർ അറിയിച്ചു.

അതേസമയം ഇതുസംബന്ധിച്ച് രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കന്നഡ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മല്ലെസ്വാമി പറഞ്ഞു.സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ടായ ബെംഗ്ളുറു മൗണ്ട് കാർമൽ പി യു കോളജിലെ വിദ്യാർഥിനിയോടാണ് തലപ്പാവ് ഉപേക്ഷിക്കാൻ അധികൃതർ ആവശ്യപ്പെട്ടത്.

ഹിജാബ്-കാവിഷോൾ പ്രശ്നം കലുഷിതമായ സാഹചര്യത്തിൽ അടച്ചിട്ട കർണാടകയിലെ കോളജുകൾ ഈ മാസം 16ന് തുറന്നപ്പോൾ മൗണ്ട് കാർമൽ പ്രിൻസിപലും ഹൈകോടതി വിധിയെക്കുറിച്ച് കോളജിൽ പൊതുവെ ഉയർത്തിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ചുതന്നെ കുട്ടികൾ ക്ലാസുകളിൽ ഹാജരാവുന്നത് തുടർന്നു.

കാവിപ്പോൾ പ്രശ്നം ഇവിടെ ഉണ്ടായിരുന്നുമില്ല. ഇതിനിടെയാണ് പ്രീ യൂനിവേഴ്സിറ്റി എജുകേഷൻ ഡെപ്യൂടി ഡയറക്ടർ (നോർത്) ജി ശ്രീറാം ചൊവ്വാഴ്ച ഈ കോളജ് സന്ദർശിച്ചത്. ഹിജാബ് ധരിച്ച വിദ്യാർഥിനികളുടെ കൂട്ടത്തെ കണ്ടതിനാൽ അവരെ ഓഫീസിലേക്ക് വിളിപ്പിച്ച് ഹൈകോടതി ഉത്തരവ് അനുസരിക്കാൻ ആവശ്യപ്പെട്ടു.

തങ്ങളുടെ മൗലികാവകാശം തടയുകയും മറ്റു വിശ്വാസികൾക്ക്ബാധകമാകാതിരിക്കുകയും ചെയ്യുന്നതിലെ യുക്തി കുട്ടികൾ ചോദ്യം ചെയ്തു. ഇതോടെ തലപ്പാവ് വിഷയമായി.പെൺകുട്ടിയോട് സമാധാനപൂർവം സംസാരിച്ച കോളജ് അധികൃതർ പിന്നീട് പിതാവ് ഗുർചരൺ സിങിന് മെയിൽ അയക്കുകയും ചെയ്തു.

ഒരു പ്രമുഖ ഐടി കംപനിയിൽ മുതിർന്നഉദ്യോഗസ്ഥനായ സിങ് കഴിഞ്ഞ 17 വർഷമായി കർണാടകയിൽ താമസിക്കുന്നയാളാണ്. കോളജ് അധികൃതർക്ക് അദ്ദേഹം അയച്ച മറുപടി മെയിലിൽ സിഖ് മത വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമായ തലപ്പാവ് അഴിക്കാനാവില്ലെന്ന് അറിയിച്ചു.

ഒരാളെക്കൊണ്ട് അങ്ങിനെ ചെയ്യിക്കുന്നത് മുഴുവൻ സിഖ് മതവിശ്വാസികളേയും അവഹേളിക്കുന്നതിന് തുല്യമാണ്. തലപ്പാവിനെക്കുറിച്ച് ഹൈകോടതി ഉത്തരവിൽ പ്രത്യേക പരാമർശമില്ല.

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പൊരുതുന്നവർക്ക് തന്റെ പൂർണ പിന്തുണയുണ്ടാവും – സിങ് മറുപടിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *