മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ മുസ്ലിം പുണ്യനഗരമായ മക്കയിലേക്ക് എത്തിയ ആൾ അറസ്റ്റിൽ. താൻ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടിയാണ് തന്റെ കർമമെന്നും വ്യക്തമാക്കിയുള്ള വീഡിയോ ഇയാൾ പങ്കുവച്ചിരുന്നു. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൗദി പൊലീസ് നടപടി.യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വീഡിയോ ചെയ്തത്.
“അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികൾക്കൊപ്പം അവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ടായിരുന്നു ഇയാളുടെ വീഡിയോ പ്രകടനം.