കാസർകോട് ∙ തെരുവു നായ ശല്യം തുടരുന്നതിനാൽ നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നേരത്തേ ജില്ലയിൽ ഈ സേവനം നടത്തിയിരുന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിർവഹണ ഏജൻസി ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ ജില്ല വിട്ടതോടെ അസം സ്വദേശികളുൾപ്പെടെയുള്ള നായ പിടിത്തക്കാരും ഇല്ലാതായി. 2016 മുതൽ കാസർകോട് വന്ധ്യംകരണം പദ്ധതി വിജയകരമായി നടന്നു വരുന്നതിനിടെയാണ് പദ്ധതി ഇവിടെ തുടരാൻ കഴിയാതെ നിലച്ചത്.
38 പഞ്ചായത്തുകളും 3 നഗരസഭകളും ഉള്ള ജില്ലയിൽ 10 പേരെയെങ്കിലും കിട്ടാനുള്ള നടപടികളിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. വളർത്തു നായ്ക്കകൾക്ക് വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം നടപ്പിലാക്കും. 26 മുതൽ 1 മാസം നായ്ക്കൾക്കു വാക്സിനേഷൻ നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 40000 ഡോസ് വാക്സിൻ ആണ് ആവശ്യം.
30നകം അതത് മൃഗാശുപത്രികളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും. പരിശീലനം നേടി നിയമനം കിട്ടുന്നവർക്ക് ഒരു നായയെ പിടിച്ചാൽ 300 രൂപ നൽകും.