മൊഗ്രാൽ സ്കൂളിൽ കായിക വികസനത്തിന്‌ വിപുലമായ പദ്ധതികളുമായി പി ടി എ- പുതുതായി ബാസ്കറ്റ് ബോൾ, ടെന്നീസ്, ബാഡ്മിന്റൺ ഗ്രൗണ്ടുകളും പരിശീലനവും

Latest കേരളം

മൊഗ്രാൽ ജി.വി.എച്.എസ്സ്.എസ്സിൽ വിദ്യാർത്ഥികളുടെ കായിക വികസനത്തിന്‌ സ്കൂളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സർക്കാരേതര ഏജൻസികളുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു.പ്രൈമറി വിഭാഗത്തിലെ വിദ്യാർഥികൾക്കു വേണ്ടിയുള്ള കുട്ടികളുടെ പാർക്കു നിർമിച്ചു നൽകാൻ റോട്ടറി ക്ലബുമായി ധാരണ പത്രം കൈമാറി. റോട്ടറിക്കു വേണ്ടി ഡിസ്ട്രിക് ഗവർണർ വി വി പ്രമോദ് നായനാർ, കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഹമീദ് മൊഗ്രാൽ, സെക്രട്ടറി ആർ വിജിന്ത് എന്നിവരും മൊഗ്രാൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി പി ടി എ പ്രസിഡന്റ്‌ എ എം സിദ്ദീഖ് റഹ്മാനും സന്നിഹിതരായി.

ബാസ്കറ്റ് ബോൾ, ഗ്രൗണ്ട് ടെന്നീസ് കോർട്ടുകൾ നിർമ്മിക്കുന്നതിനും ഇൻഡോർ ഗെയ്മായ ടേബിൾ ടെന്നീസ് മേശയും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാനുമുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (DPR)കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി സ്പെഷ്യൽ ഓഫിസർ ഇ പി രാജ്‌മോഹന് സമർപ്പിച്ചു. ആസൂത്രണ ബോർഡിന്റെ അനുമതി ലഭ്യമായാൽ പദ്ധതി ഉടൻ തന്നെ ആരംഭിക്കും.പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ബാഡ്മിന്റൺ കോർട്ട് അടുത്ത മാസം തയാറാക്കും.

ഫുട്ബോൾ കോർട്ട് മെച്ചപ്പെടുത്താൻ എം എൽ എ, എ കെ എം അഷ്‌റഫിന്റെ സഹായത്തോടെ പ്രവർത്തനം നടത്തും.സ്കൂൾ ഫുട്ബോൾ ടീമിന് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലനം നൽകുവാൻ മൊഗ്രാൽ സ്പോർട്സ് ക്ലബുമായി ധാരണയായി. ക്ലബ് പ്രസിഡന്റ്‌ അൻവർ അഹ്‌മദ്‌ സിദ്ദിഖ്, കോച്ച് എച് എ ഖാലിദ്, എം എൽ അബ്ബാസ്‌, മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, സ്കൂൾ കായിക അദ്ധ്യാപകൻ ഷാഹ്‌സിൽ എന്നിവരടങ്ങുന്ന സമിതി പരിപാടിക്ക് നേതൃത്വം നൽകും.

ജില്ല ഹോക്കി ഫെഡറേഷനുമായി സഹകരിച്ചു സ്കൂളിന് ആവശ്യമായ ഹോക്കി കിറ്റ് ലഭ്യമാക്കി പരിശീലനം നൽകുവാൻ ടി എം ഷുഹൈബ്,അത്ലറ്റിക്സ് മേഖലയിൽ പരിശീലനത്തിന് കെടഞ്ചി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, ക്രിക്കറ്റ്‌ പരിശീലനത്തിന് ജഅഫർ സാദിഖ്‌എന്നിവർ നേതൃത്വം നൽകും.

ജന മൈത്രി പോലീസുമായി സഹകരിച്ചു പെൺകുട്ടികൾക്ക് രണ്ടു ദിവസത്തെ സ്വയം രക്ഷ പരിശീലനം (self defence training) സംഘടിപ്പിക്കും. നിസാർ പെറുവാഡിനെ ഏകോപന ചുമതല ഏൽപ്പിച്ചു.സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിക്കുവാൻ അബ്ദുല്ല കുഞ്ഞി നടുപ്പള്ളവും ജിംനേഷ്യം സ്ഥാപിക്കാൻ അഷ്‌റഫ്‌ പെറുവാഡും നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *