കാസർകോട് ജില്ലാ പഞ്ചായത്ത് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

Latest പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ടതും പുതിയതായി രൂപം നൽകേണ്ടതുമായ പ്രോജക്ടുകൾ ഏകോപിപ്പിക്കാൻ ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി കാസർകോട് ജില്ലാ പഞ്ചായത്ത്.

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരിൽ
സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്റിലെ പൂർവ വിദ്യാർത്ഥികൾ രൂപം നൽകിയ
വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക്(VCAN) സോഷ്യൽ എഞ്ചിനീയറിങ്ങ് കൂട്ടായ്മയുമായി ചേർന്നാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്.

വികസന നയരൂപീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ അടക്കമുള്ള ഈ കൂട്ടായ്മ യിൽ കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ്, സോഷ്യൽ വർക്ക്, കോൺസിസ്റ്റ്വൻസി മാനേജ്മെൻ്റ്, ലോക്കൽ ഗവേണൻസ്,കൗൺസിലിംഗ് സൈക്കോളജി, ജൻഡർ സ്റ്റഡീസ്, ഗ്രാമ – നഗരാസൂത്രണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സോഷ്യൽ എൻജിനീയറിങ് വിദ്യാർത്ഥികൾ അംഗങ്ങളാണ്.

ജില്ലാ പഞ്ചായത്തിന്റെ നൂതന പ്രോജക്ടുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ നിർവഹണത്തിന് സഹായിക്കാനുമാണ് ഇന്റേൺഷിപ്പ് ഊന്നൽ നൽകുന്നത്.
നിലവിൽ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്, അസിം പ്രേംജി യൂണിവേഴ്സിറ്റി, വിവിധ കേന്ദ്ര സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ 15 വിദ്യാർത്ഥികളാണ് സന്നദ്ധരായി ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ളവരായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി താമസവും മറ്റ് സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് നൽകും. ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിവിധ മന്ത്രിമാർ പങ്കെടുക്കുന്ന ക്ലബ്ബ് ഹൗസ് ചർച്ചകളിലൂടെ ഉയർന്നു വരുന്ന നിർദേശങ്ങളെ ഇന്റേൺസിന്റെ സഹായത്തോടെ പദ്ധതികളാക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു.

ജില്ലാ പഞ്ചായത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന എൻ പി ആർ പി ഡി പി ബ്ലോക്കിലെ സൗകര്യം ഇന്റേൺഷിപ്പ് സെന്റർ ആയി ഉപയോഗപ്പെടുത്തും. ഈ സൗകര്യത്തിൽ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ പ്രഖ്യാപിച്ച കാസർകോട് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും ഭാവിയിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. യുവജന – വിദ്യാർത്ഥി സമൂഹത്തെ വികസന പ്രക്രിയയിൽ പങ്കാളികളാക്കി പദ്ധതി നിർവഹണം ഊർജിതമാക്കുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.

കേന്ദ്ര സർവകലാശാലയിലെയും സി പി സി ആർ ഐ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജില്ലയിലെ കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി ആഗസ്ത് മാസത്തോടെ കിലയുമായി ചേർന്നുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനും ജില്ലാ പഞ്ചായത്ത് ധാരണയായിട്ടുണ്ട്.

ഇന്റേൺഷിപ്പിന് തുടക്കം കുറിച്ചു കൊണ്ട് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ: സി തമ്പാൻ എന്നിവർ മാർഗ നിർദേശങ്ങളും ഉദ്ദേശലക്ഷ്യങ്ങളും വിശദീകരിച്ച് സംസാരിച്ചു.
സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ: സരിത എസ് എൻ, പ്ലാൻ കോർഡിനേറ്റർ വിദ്യാധരൻ കെ.ജി. വികാൻ പ്രതിനിധികളായ അഖിൽ കുര്യൻ, കലാധരൻ കെ ജി, മുനാസ് പി വൈ, സുർജിത് കെ.വി എന്നിവർ ഇന്റേൺഷിപ്പ് പ്രോഗ്രമിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *