ബ്ലാക്ക് ഫം​ഗസ് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15 കേസുകൾ; പകരുന്ന രോ​ഗമല്ലെന്ന് മുഖ്യമന്ത്രി

Latest കേരളം

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോ​ഗബാധയുമായി ബന്ധപ്പെട്ട്15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫം​ഗസ് പകരുന്ന രോ​ഗമല്ലെന്നും അതുകൊണ്ട് രോ​ഗികളെ ചികിത്സിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോ​ഗത്തിന്റെ 40 % വും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് രോ​ഗം അപകടകാരിയാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും, കാൻസർ രോ​ഗികളിലും രോ​ഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ൽ കേരളത്തിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റിറോയിഡുകളോ, പര്തിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോ​ഗിക്കുമ്പോൾ ബ്ലാക്ക് ഫം​ഗസ് ​ഗുരുതരമായി പിടിപെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം ജാ​ഗ്രതാ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രോ​ഗികളുടെ ചികിത്സയിൽ രക്തത്തിലെ ​ഗ്ലൂക്കോസ് നില കൃത്യമായി നിലനിർത്തുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ ചികിത്സാ പ്രോട്ടോകോളിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. ഇത് സംബന്ധിച്ച വ്യക്തമായ നിർദേശം ഡോക്ടർമാർക്ക് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *