ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ പോരാടാൻ കാത്ത് നിൽക്കുന്ന ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ഫൈനൽ മത്സരത്തിന് മുമ്പ് ചെറിയൊരു റിഹേഴ്സലിന് അവസരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടാവകാശിയെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടുന്നു. ഇന്ന് വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉയർത്താം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സലായാണ് ലോക ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെ കാണുന്നത്. ഈ മാസം അവസാനമാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ.
പ്രീമിയർ ലീഗിലെ ഈ സീസണിൽ തകർപ്പൻ ഫോമിൽ മുന്നേറുന്ന സിറ്റിക്ക് ഒന്നാം സ്ഥാനത്ത് 80 പോയിന്റാണ് ഇപ്പോൾ ഉള്ളത്. ലീഗിൽ സിറ്റിയുടെ മേധാവിത്വം വ്യക്തമാകുക രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോയിൻ്റ് കൂടി നോക്കുമ്പോഴാണ്. രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് 67പോയിൻ്റാണുള്ളത്. ഒന്നാം സ്ഥാനത്ത് 13 പോയിൻ്റിൻ്റെ ശക്തമായ ലീഡുമായാണ് സിറ്റി കുതിക്കുന്നത്. നാല് മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന ലീഗിൽ ഇന്ന് ഒരു വിജയം നേടിയാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം.
സിറ്റി കിരീടം ഉറപ്പിച്ച സ്ഥിതിക്ക് ലീഗിലെ മറ്റു ടീമുകൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള കടുത്ത പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ചെൽസിക്ക് സിറ്റിയേക്കാൾ നിർണായകമാണ്. ഇന്ന് ജയിച്ചാൽ അവർക്ക് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ ആകും. ഇന്ന് പരാജയപ്പെട്ടാൽ ആകട്ടെ അവരുടെ നാലാം സ്ഥാനം തന്നെ ഭീഷണിയിലാവുകയും ചെയ്യും. അവസാനം ഇരുടീമുകളും എഫ് എ കപ്പ് സെമിയിൽ ഏറ്റുമുട്ടിയപ്പോൾ ചെൽസിക്ക് ആയിരുന്നു വിജയം. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം.