പൂനെ: ഇന്ത്യയിൽ കോവിഡ് രൂക്ഷമായതോടെ നിരവധി പേരാണ് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്ട്രയാണ്. ഇതേ മഹാരാഷ്ട്രയിൽ നിന്നാണ് മറ്റൊരു വ്യത്യസ്ത വാർത്ത പുറത്തു വരുന്നത്. പൂനെയിലെ ബാരമതി ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വയോധിക സംസ്കാരത്തിന് തൊട്ടു മുമ്പ് എഴുന്നേറ്റതാണ് വാർത്ത.
76 കാരിയായ ശകുന്തള ഗെയ്ക്ക്വാഡ് എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. വീട്ടിൽ ഐസൊലേഷനിലായിരുന്ന ശകുന്തളയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. പ്രായാധിക്യം മൂലം അവശതകൾ അനുഭവിച്ച സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെയ് പത്തിനാണ് ബാരാമതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ശകുന്തളയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഏറെ നേരം സ്ത്രീയെ കാറിൽ തന്നെ കിടത്തേണ്ടി വന്നു. ഇതിനിടയിൽ ശകുന്തളയുടെ നില വഷളായി ബോധം നഷ്ടമായി.
ശകുന്തള മരിച്ചെന്ന് കരുതിയ വീട്ടുകാർ സംസ്കാര ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. അന്തിമ കർമങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരഗോമിക്കുന്നതിനിടെയാണ് ശകുന്തളയ്ക്ക് ബോധം വരുന്നത്. സ്ത്രീ ഉച്ചത്തിൽ കരയുകയും കണ്ണ് തുറക്കുകയും ചെയ്തതോടെ വീട്ടുകാരും അന്ധാളിച്ചു.