മാസങ്ങളായി വീടിന് പുറത്തിറങ്ങാത്ത കാസർകോട്ടെ വൃദ്ധ ദമ്പതികൾക്കും കൊച്ചു മകൾക്കും കോവിഡ്

Latest പ്രാദേശികം
കാസറഗോഡ്:മാസങ്ങളായി വീടിനു പുറത്തിറങ്ങാത്ത 60 വയസ് കഴിഞ്ഞ സ്ത്രീക്കും 70 കഴിഞ്ഞ പുരുഷനും 10 വയസുള്ള കൊച്ചു മകൾക്കും കോവിഡ് പോസിറ്റീവ്. മാസങ്ങളായി വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത ഇവർക്ക് എങ്ങനെ കോവിഡ് വന്നു എന്നു ചോദിച്ച് മകൻ ഗൾഫിൽ നിന്നു വിളിച്ചു. നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം സംശയം ഇതു തന്നെ. പനിയും ചുമയും ശരീര വേദനയും വയറിളക്കവും ഒക്കെയായത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ പോയപ്പോൾ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് എന്ന് അറിഞ്ഞത്.
 10 വയസുകാരിക്ക് എക്സ്റേ എടുത്തു നോക്കിയപ്പോൾ ന്യൂമോണിയയും തുടങ്ങിയിരിക്കുന്നു. പ്രായമായ പുരുഷനു ഹൃദ്രോഗവും ഡയബറ്റിക്സും മറ്റുമുണ്ട്. സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ ഇടപെട്ട് രണ്ടുപേരെ ടാറ്റ കോവിഡ് ആശുപത്രിയിലേക്കും ഒരാളെ മെഡിക്കൽ കോളജിലേക്കും അയച്ചു, ഈ 3 പേരുടെയും ബന്ധുക്കളോടും മാഹിൻ കുന്നിൽ കാര്യങ്ങൾ അന്വേഷിച്ചു.വീട്ടിൽ ചെറിയ കുട്ടികളുണ്ട്. ഇവർ വൈകുന്നേരങ്ങളിൽ സമീപത്തെ വീടുകളിലും പരിസരത്തും കളിക്കാൻ പോകും. എത്ര പറഞ്ഞാലും മാസ്ക് ധരിക്കില്ല. ഈ കുട്ടികൾ തന്നെയാണ് കിടപ്പിലായ പ്രായമായവർക്ക് പല സഹായങ്ങൾ ചെയ്തിരുന്നതും. കുട്ടികൾക്ക് എവിടെ നിന്നോ ലഭിച്ച കോവിഡ് ബാധ അതുവഴി മുതിർന്നവരിലുമെത്തി. കളിക്കേണ്ട പ്രായമാണ്, പക്ഷേ കോവിഡ് കാലത്തെ കളി കൊണ്ടുവരുന്നതു കോവിഡ് രോഗം കൂടിയാവും. മാസ്ക് പോലും വയ്ക്കാതെ സമീപത്തെ വീടുകളിലും മറ്റും കളിക്കാനായി മക്കളെ വിടുന്നവർ നമ്മുടെ വീട്ടിലേക്കു ദുരന്തത്തെ വിളിച്ചു വരുത്തുകയാവും.

Leave a Reply

Your email address will not be published. Required fields are marked *