പെറുവാഡ്: ദേശീയപാത വികസനത്തിനിടെ ഒറ്റപ്പെട്ട് പോകുന്ന പെർവാഡ് കടപ്പുറത്തെ വിദ്യാർഥികൾ പഠനം താത്കാലികമായി നിർത്തുന്നു. പകരം സംവിധാനമില്ലാതെ വഴിയടച്ചതാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസം, ജോലിയടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്കായി പലരും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഇവിടെ അടിപ്പാത സൗകര്യം ഒരുക്കാത്തതിനാൽ ദേശീയ പാത നിർമാണം പൂർത്തിയാകുന്നതോടെ പലരുടെയും ഭാവി ഇരുളടഞ്ഞതാവും.ചുറ്റി വളഞ്ഞ് റോഡ് മുറിച്ച് കടക്കുന്നത് മൂലമുള്ള അപകടങ്ങൾ പേടിച്ച് പെർവാഡ് കടപ്പുറത്ത് താമസിക്കുന്ന ജംശീദ് തന്റെ മൂന്ന് മക്കളുടെ പഠനം താത്കാലികമായി നിർത്താനുള്ള തീരുമാനത്തിലാണ്.
മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഫാത്വിമ നജ, നാലാം ക്ലാസിലെ ആഇശത് റഫ, ഒന്നാം ക്ലാസിലെ ആമിനത് ജസ എന്നിവരുടെ അവധിക്കായി സ്‌കൂൾ അധികൃതരോട് അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.
മൊഗ്രാൽ സ്‌കൂളിലേക്ക് ബസിലാണ് ഇവർ പെർവാഡ് നിന്ന് പോകുന്നത്. എന്നാൽ ഇവരുടെ വീട്ടിൽ നിന്ന് ദേശീയപാതയിലേക്കുള്ള റോഡ് നിർമാണ പ്രവൃത്തികളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. ബസ് സ്റ്റോപ് ഇപ്പോഴും അതേ സ്ഥലത്തുതന്നെയുള്ളതിനാൽ കുട്ടികൾക്ക് ഇപ്പോൾ ഒരു കിലോമീറ്റർ കൂടി അധികം നടക്കണം.
സർവീസ് റോഡ് പൂർത്തിയാകാത്തതിനാൽ അപകടാവസ്ഥയിലായ റോഡ് മുറിച്ചുകടക്കാൻ കുട്ടികൾ നിർബന്ധിതരായിരിക്കുകയാണ്. ഈ അവസ്ഥയിൽ ഇപ്പോൾ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് ഏറെ അപകടകരമാണെന്ന് ജംശീദ് പറയുന്നു.