ഇറ്റലിയില്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചുവെന്നും അവിടെ നേടാവുന്നതെല്ലാം നേടിയെന്നും ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ് യുവന്റസില്‍ നിന്നു ക്രിസ്റ്റിയാനോ വിടവാങ്ങുകയാണെന്ന സൂചനയാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതീവനിര്‍ണായക മത്സരത്തില്‍ ടീമിലെ ഏറ്റവും മികച്ച താരത്തെ പുറത്തിരുത്തിയതിലൂടെ തങ്ങള്‍ക്ക് റൊണാള്‍ഡോയുടെ സേവനം മതിയായി എന്നാണ് യുവന്റസ് നല്‍കിയ സൂചനയെന്നു വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് റൊണാള്‍ഡോയുടെ പോസ്റ്റ്.
റൊണാള്‍ഡോയുടെ പോസ്റ്റിന്റെ രൂപം:-
”ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയര്‍ ഉയര്‍ച്ചതാഴ്ചയിലൂടെയാണ് കടന്നുപോകുക. മികച്ച ടീമുകളെയും മികച്ച താരങ്ങളെയും പലപ്പോഴായി നേരിടേണ്ടി വരും. ഇതിനായി എപ്പോഴും മികവ് പുലര്‍ത്തണം. ഈ സീസണില്‍ സീരി എ നേടാന്‍ കഴിഞ്ഞില്ല. എങ്കിലും ഈ സീസണില്‍ യുവന്റസ് നേടിയ നേട്ടങ്ങള്‍ക്കു മൂല്യം കല്‍പിക്കുന്നു. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, കോപ്പാ ഇറ്റാലിയ, സീരി എ ടോപ് സ്‌കോറര്‍ തുടങ്ങിയ നേട്ടങ്ങള്‍ വ്യക്തിപരമായി എനിക്കും സന്തോഷം നല്‍കുന്നു. ഈ നേട്ടങ്ങളിലൂടെ ഇറ്റലിയില്‍ എന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ലീഗ് ടൈറ്റില്‍, കോപ്പാ ഇറ്റാലിയ, സൂപ്പര്‍ കപ്പ്, ടോപ് സ്‌കോറര്‍, സീരി എയിലെ മികച്ച താരം… ഇറ്റലിയില്‍ നേടാവുന്നതൊക്കെ നേടി. ഞാന്‍ റെക്കോഡുകള്‍ക്കു പിന്നാലെ പായുന്നവനല്ല. ഫുട്‌ബോള്‍ കൂട്ടായ്മയുടെ വിജയമാണ്. എന്നാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ഇതില്‍ സ്ഥാനമുണ്ട്. അത് ടീമിനും ഗുണം ചെയ്യുന്നവയാണ്. ഇതുവരെയുള്ള നേട്ടങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും ലീഗ്, കോപ്പ, മികച്ച താരം, ടോപ് സ്‌കോറര്‍, 100 ഗോളുകള്‍ തുടങ്ങിയ നേട്ടങ്ങള്‍ എല്ലാം സ്വന്തമാക്കാനായി. ഞാന്‍ കളിച്ച രാജ്യങ്ങളിലെല്ലാം എന്റേതായ മേല്‍വിലാസം സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇതിനായാണ് ഞാന്‍ അധ്വാനിച്ചത്. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ സഹായിച്ചവര്‍ക്കെല്ലാം നന്ദി”.