കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

Latest

പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്.അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിഷയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം.

കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിലെ ദീർഘ കാല പഠനത്തിനു ശേഷം തമിഴ്‌നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം.

കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്റാർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

Leave a Reply

Your email address will not be published. Required fields are marked *