കാസർകോട് വികസന പാക്കേജ്. ജില്ലയിലെ അഞ്ച് ഗവ. ആശുപത്രികൾക്ക് പുതിയ ബ്ലോക്ക്; 7.7 കോടിയുടെ ഭരണാനുമതി

Latest പ്രാദേശികം

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അംഗടിമൊഗർ പിഎച്ച്‌സി, മൗക്കോട് എഫ്എച്ച്‌സി, ഉദുമ എഫ്എച്ച്‌സി, മടിക്കൈ എഫ്എച്ച്‌സി, എണ്ണപ്പാറ എഫ്എച്ച്‌സി എന്നീ ആശുപത്രികൾക്ക് പുതിയ ബ്ലോക്ക് നിർമ്മാണത്തിന് ഭരണാനുമതിയായി. ഒപി മുറികൾ ഒബ്‌സർവേഷൻ മുറികൾ, ഡെന്റൽ ഒപി, സ്‌പെഷ്യൽ ഒപി, ഒപി രജിസ്‌ട്രേഷൻ കൗണ്ടർ, ഡ്രസിംഗ് റൂം, ലാബ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, ഫാർമസി തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങളെ ഒപി ബ്ലോക്കിലേക്ക് വരുന്ന രോഗികളിൽ നിന്ന് അകറ്റി നിർത്തുന്നതിന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പബ്ലിക് ഹെൽത്ത് ഡിവിഷൻ സംവിധാനം ഒരുക്കും.പുത്തിഗെ പഞ്ചായത്തിലെ അംഗടിമൊഗർ പിഎച്ച്‌സിക്ക് 85 ലക്ഷം രൂപയും വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് എഫ്എച്ച്‌സിക്കായി 75 ലക്ഷം രൂപയും മടിക്കൈ ഗ്രാമപഞ്ചായത്തിലെ മടിക്കൈ എഫ്എച്ച്‌സിക്കായി 3.30 കോടി രൂപയും ഉദുമ ഗ്രാമപഞ്ചായത്തിലെ ഉദുമ എഫ്എച്ച്‌സിക്ക് ഒരു കോടി രൂപയും കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ എണ്ണപ്പാറ എഫ്എച്ച്‌സിക്ക് 1.80 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ആകെ 7.7 കോടിയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്.അംഗടിമൊഗറിലും എണ്ണപ്പാറയിലും പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനിയർ ആണ് പദ്ധതി നടപ്പാക്കുന്നത്. മൗക്കോട്, മടിക്കൈ, ഉദുമ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ എൽഐഡി ആൻഡ് ഇഡബ്ല്യു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസറഗോഡ് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്ത് ആരംഭിക്കുന്നെന്ന് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *