കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു

Latest കേരളം പ്രാദേശികം

കാസര്‍കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാതയില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരു സംസ്ഥാനങ്ങളിലേയും ബസുകളും ഓടിത്തുടങ്ങി. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് കേരളം തയ്യാറായിരുന്നെങ്കിലും കര്‍ണാടകയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്.

കാസര്‍കോട്ടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ കുറയണമെന്നായിരുന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ സമീപനം.

ഒടുവില്‍ കാസര്‍കോട് ജില്ലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് കര്‍ണാടക വഴങ്ങയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേരള കര്‍ണാടക ആര്‍ ടി സി അധികൃതര്‍ തമ്മില്‍ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.

എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകുമെന്നും ആര്‍ ടി പിസിആര്‍ സര്‍ടിഫിക്കറ്റ് ആവശ്യമില്ലെന്നും കര്‍ണാടക ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.

നേരത്തെ തലപ്പാടി വരെയായിരുന്നു കേരള ആര്‍ ടി സി ബസുകള്‍ സെര്‍വീസ് നടത്തിയിരുന്നത്. രണ്ട് ബസുകള്‍ കയറിയുള്ള യാത്ര ദുരിതം സൃഷ്ടിച്ചിരുന്നു.

വിദ്യാര്‍ഥികളും, രോഗികളും, കച്ചവടക്കാരും അടക്കംനിരവധി പേര്‍ ദിനേന ഇരു സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്.

കെ എസ് ആര്‍ ടി സി സെര്‍വീസ് ആരംഭിച്ചതോടെ കാസര്‍കോട് – മംഗളൂരു യാത്ര ഇനി സാധാരണ നിലയിലാവും. ഉടന്‍ തന്നെ മൂംകാംബികയിലേടക്കമുള്ള കെ എസ് ആര്‍ ടി സി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *