‘പുതിയ ക്രൈസ്തവ പാര്‍ട്ടി’; കേരളത്തിലുള്‍പ്പെടെ സ്വാധീനമുറപ്പിക്കാന്‍ ബിജെപി

Latest ഇന്ത്യ കേരളം

കൊച്ചി: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിന്റെ ചര്‍ച്ച തുടങ്ങിയെന്നും അടുത്തിടെ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ എത്തിക്കാനാണ് നീക്കം.തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ചര്‍ച്ച തുടങ്ങിയതെന്നും തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പെന്തകോസ്ത് വിഭാഗങ്ങളേയും പുതിയ സംഘടനകളുമായി സഹകരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പെന്തകോസ്തു വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി പി രാധാകൃഷ്ണനുമായി വ്യാഴാഴ്ച്ച രാവിലെ കൂടികാഴ്ച്ച നടത്തിയിരുന്നു. ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം അടക്കം വെള്ളിയാഴ്ച്ച മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *