ഫീസടക്കാൻ പണമില്ല; പാലക്കാട് വിദ്യാർഥിനി തൂങ്ങി മരിച്ചു

Latest കേരളം പ്രാദേശികം

ഫീസടക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീന(20) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് എം.ഇ.എസ് വിമന്‍സ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാർഥിനിയാണ് മരിച്ച ബീന.

പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ബീനയുടെ അമ്മ ഇന്നലെ കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല.

ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലായിരുന്നു ബീനയെന്നും ഈ മനോവിഷമത്തിലാണ് സഹോദരി തൂങ്ങി മരിച്ചതെന്നും ബിജു പറഞ്ഞു.

അതെ സമയം ഫീസടയ്ക്കേണ്ട തിയതി നിശ്ചയിച്ചത് സർവകലാശാലയാണെന്നും കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പാലക്കാട് എം.ഇ.എസ് പ്രിൻസിപ്പൽ പി.അനിൽ പറഞ്ഞു.

അഞ്ചാം തിയതിയാണ് പരീക്ഷ നടക്കുന്നത്. ജനുവരി പത്തിനായിരുന്നു പരീക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തിയതി.

സര്‍വകലാശാലക്ക് ഓണ്‍ലൈനായും ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ വഴിയും കോളേജ് തലത്തില്‍ ഒന്നിച്ചും ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്.

പഠിത്തം അവസാനിപ്പിക്കുകയാണെന്നാണ് ഫീസ് അടക്കാത്തതിന്‍റെ കാരണമായി മരണപ്പെട്ട ബീന അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *