യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക; ചന്ദ്രഗിരിപ്പാലത്തിനു അടുത്തു മണ്ണിടിച്ചിൽ ഭീഷണി, അപകടം പതിയിരുന്ന് കെഎസ്ടിപി പാത

Latest പ്രാദേശികം

കാസർകോട് ∙ യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക, കെഎസ്ടിപി പാതയിൽ ചന്ദ്രഗിരിപ്പാലത്തിനു അടുത്തു മണ്ണിടിച്ചിൽ ഭീഷണി. തെരുവു വിളക്കുകൾ കത്താത്തതിനാൽ ഇതിലൂടെ പോകുമ്പോൾ ജാഗ്രത വേണം. മഴയിൽ അമിതവേഗത്തിൽ ഇതിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ റോഡിലേക്കു ഇടിഞ്ഞു വീണ മണ്ണ് കണ്ടുവെന്നു വരില്ല. അതിനാൽ അപകടം പതിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുമ്പോൾ റോഡിന്റെ ഇടതുവശത്താണു മണ്ണ് ഇടിയുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഒരു കൂറ്റൻ കല്ല് റോഡിലേക്ക് വീണു. ഈ സമയം വാഹനങ്ങൾ ഒന്നുമില്ലാത്തതിനാൽ അപകടം ഒഴിവായി. ഈ ഭാഗത്തു പലയിടങ്ങളും മണ്ണിടിയാൻ പാകത്തിലാണ്. എല്ലാം കാലവർഷത്തിലും ഇവിടെ മണ്ണിടിച്ചിലുണ്ട്.ഇതു തടയുന്നതിനായി കെഎസ്ടിപി അധികൃതർ ഒരു ഭാഗത്ത് ഇരുമ്പുവല കൊണ്ടു സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വല ഇല്ലാത്ത ഭാഗത്താണു മണ്ണിടിയുന്നത്. ഒരു മാസത്തിനുള്ളിൽ ഒട്ടേറെ സ്ഥലങ്ങളിലായി മണ്ണിടിഞ്ഞിരുന്നു. മഴ ശക്തമാകുന്നതിനു മുൻപേ മണ്ണിടിച്ചൽ തടയുന്നതിനു നടപടികൾ വേണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *