തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുമതി നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ചോദ്യപേപ്പർ നേരത്തെ തന്നെ സ്കൂളികളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുകയെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികൾക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടതും.ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്.ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.