പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കോൺഗ്രസ് നേതാവും സഹകാരിയും ദീർഘകാലം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന കെ.ആർ കണ്ണൻ നിര്യാതനായി

Latest പ്രാദേശികം

സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയുമായ കെ.ആര്‍ കണ്ണന്‍ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ,മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച് നടന്ന കാല്‍നടയാത്ര, തുടങ്ങിയവയില്‍ പങ്കെടുത്തു.വിഭജന കുടിയിറക്കത്തിനെതിരേ പി.ആര്‍ കുറുപ്പ്, എന്‍.കെ ബാലകൃഷ്ണന്‍, പി.എം കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരോടൊപ്പം കാട്ടമ്പള്ളി സമരജാഥയില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദിവസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് കെ.ആര്‍.കണ്ണന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാവുന്നത്. പില്‍ക്കാലത്ത് അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. ക്വിറ്റിന്ത്യാസമരത്തില്‍ തന്റെ രാഷ്ട്രീയഗുരുവായ അന്തരിച്ച എന്‍.കെ.ബാലകൃഷ്ണനോടൊപ്പം പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. മലബാര്‍ കുടിയാന്‍നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കുഞ്ഞിരാമക്കുറുപ്പ്, കുറ്റിയില്‍ നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയിലും മുന്‍നിരക്കാരനായി പ്രവര്‍ത്തിച്ചു. പെരിയയില്‍ കേരള ഗാന്ധി കെ.കേളപ്പനായിരുന്നു ജാഥ ഉദ്ഘാടനംചെയ്തത്. ഇതിനിടയില്‍ നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് അവരെ പോരാട്ടത്തിലേക്ക് നയിക്കുന്നതിലും ശ്രദ്ധപതിപ്പിച്ചു.

1927ല്‍ ഏപ്രില്‍ 14ന് നിലേശ്വരത്തെ പി.രാമന്റെയും ചിരുതയുടെയും മകനായി ജനിച്ച കെ.ആര്‍. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ഏഴാംതരം വരെ പഠിച്ചശേഷമാണ് സ്വതന്ത്രസമരത്തിനിറങ്ങിയത്. 1942ല്‍ കര്‍ണാടക വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള സംഘത്തെ സംഘടിപ്പിച്ച് നീലേശ്വരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.

മികച്ച സഹകാരിയായ കെ.ആര്‍. അരനൂറ്റാണ്ട് കാലം നീലേശ്വരം സഹകരണബാങ്കിന്റെ ഭരണസമിതി അംഗവും രണ്ടുതവണ പ്രസിഡന്റുമായിരുന്നു. സ്വാതന്ത്ര്യസമര പെന്‍ഷന്‍ ഉപദേശകസമിതി ജില്ലാ അംഗമായും പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *