ലക്ഷദ്വീപിലെ ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ജനരോഷം കത്തുമ്പോഴും വിവാദ നടപടികളില്‍ നിന്ന് പിന്നോട്ടുപോകാതെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍.
ജനങ്ങളുടെ പ്രതിഷേധങ്ങളെ ഒരു പരിധിയില്‍ കവിഞ്ഞ് വിലവെക്കേണ്ടതില്ലെന്നാണ് പ്രഫുല്‍ പട്ടേലിന്റെ പക്ഷം. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വളരെ വേഗത്തില്‍ കെട്ടടങ്ങുമെന്നും പിന്നാലെ ദ്വീപില്‍ നിന്നുള്ള പ്രതിഷേധങ്ങളും അവസാനിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ലക്ഷദ്വീപിലെ രോഗികള്‍ക്കായുള്ള എയര്‍ ആംബുലന്‍സ് സൗകര്യത്തിലാണ് ഇപ്പോള്‍ ഏറ്റവും പുതിയതായി പ്രഫുല്‍ പട്ടേല്‍ പിടിമുറുക്കിയിരിക്കുന്നത്. രോഗികളെ വിദഗ്ധ ചികിത്സയ്‌ക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ ഉത്തരവിറക്കി. ഇതുപ്രകാരം കമ്മിറ്റി തീരുമാനം അനുസരിച്ച് മാത്രമേ രോഗികള്‍ക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കാന്‍ കഴിയൂ. ഹൈലികോപ്റ്റര്‍ അനുമതി ലഭിക്കാത്തവര്‍ക്ക് ചികിത്സയ്ക്കായി കപ്പലിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. കപ്പല്‍ കൊച്ചിയിലെത്താന്‍ രണ്ട് ദിവസത്തെ സമയം എങ്കിലും വേണ്ടിവരുമെന്നതിനാല്‍ പുതിയ ഉത്തരവ് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.