കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചു; സൗദിയില്‍ പള്ളികള്‍ മുഴുവന്‍ സമയം തുറക്കുന്നു, പുതിയ നിര്‍ദേശങ്ങള്‍ അറിയാം

Latest ഗൾഫ്

റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലെ പള്ളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിക്കുന്നു. ഇനിമുതല്‍ പള്ളികള്‍ മുഴുവന്‍ സമയം തുറക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് പുതിയ നടപടി.

ഞായറാഴ്ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാപല്യത്തില്‍ വന്നു. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയില്‍ നേരത്തെ നിലനിന്നിരുന്ന ഇടവേളകള്‍ ആവാം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികള്‍ മുഴുവന്‍ സമയം തുറക്കാനുമാകും. പൊതുജനാരോഗ്യ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലു ഷെയ്ഖ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

9 മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ച പ്രോട്ടോക്കോള്‍ സര്‍ക്കുലറില്‍ ഉള്ളത്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളും അംഗീകരിക്കുന്നതോടൊപ്പം മാസ്‌ക് ധരിക്കുക, പ്രത്യേക വിരി (മുസല്ല) കൊണ്ടുവരിക, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും തിരക്ക് ഒഴിവാക്കുക തുടങ്ങി കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

കൂടാതെ പ്രാര്‍ഥനക്കെത്തുന്നവര്‍ക്കിടയില്‍ ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഓരോ സഫുകള്‍ക്ക് (വരി) ശേഷവും ഒരു വരി ഒഴിച്ചിടണം. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയില്‍ നേരത്തെ തുടര്‍ന്ന് പോരുന്ന അംഗീകൃത ഇടവേളകള്‍ പാലിക്കാം.

സാധാരണ നമസ്‌കാരത്തിന് 20 മിനിറ്റും മഗ്രിബ് (സന്ധ്യാ നിസ്‌കാരം) നമസ്‌കാരത്തിന് 10 മിനിറ്റും ഫജ്ര്‍ (പ്രഭാത നിസ്‌കാരം) നമസ്‌കാരത്തിന് 25 മിനിറ്റും ആണ് ഈ ഇടവേള. വെള്ളിയാഴ്ച ജുമുഅയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് പള്ളികള്‍ തുറക്കാം. ഖുതുബയും നമസ്‌കാരവും കഴിഞ്ഞ് അരമണിക്കൂറിന് ശേഷം പള്ളി അടച്ചാല്‍ മതിയാകും.

വെള്ളിയാഴ്ചയിലെ ഖുതുബ പ്രഭാഷണം 15 മിനിറ്റായി ചുരുക്കണം എന്ന നിര്‍ദേശം പുതിയ സര്‍ക്കുലര്‍ പ്രകാരം റദ്ദാക്കി. പള്ളികളില്‍ മുസ്ഹഫ് കോപ്പികള്‍ അനുവദിക്കുമെങ്കിലും ആരാധനക്കെത്തുന്നവരോട് സ്വന്തം ഖുര്‍ആന്‍ കൊണ്ടുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം.

സാമൂഹിക അകലം പാലിച്ച് പള്ളികളില്‍ നടക്കുന്ന നടപടിക്രമങ്ങളും പ്രഭാഷണങ്ങളും പഠനങ്ങളും പുനഃസ്ഥാപിക്കാന്‍ അനുവദിക്കും. എന്നാല്‍ ഇത് സാധാരണ പള്ളിയുടെ തുറക്കല്‍-അടക്കല്‍ സമയവുമായി പൊരുത്തപ്പെടുന്നതാകണമെന്നും നിര്‍ദേശത്തില്‍ ഉണ്ട്. പള്ളികളില്‍ നിന്ന് വാട്ടര്‍ കൂളറുകളും റഫ്രിജറേറ്ററുകളും നീക്കം ചെയ്യാനുള്ള മുന്‍നിര്‍ദേശവും പുതിയ പ്രോട്ടോക്കോള്‍ പരിഷ്‌കരണത്തിലൂടെ റദ്ദാക്കി.

അതേസമയം, പള്ളികളും ചുറ്റുപാടും ഇടയ്ക്കിടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും പള്ളികളിലെത്തുന്ന ആരാധകരോടും സന്ദര്‍ശകരോടും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *