ന്യൂഡല്‍ഹി: പുതിയ കോവിഡ് ഉപ വകഭേദത്തിന് വ്യാപന ശേഷി കൂടുതലെന്ന് പഠനങ്ങൾ. ബിഎഫ് ഡോട്ട് സെവൻ വകഭേദത്തിന്‍റെ വ്യാപന ശേഷി കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങൾ ജാഗ്രത ശക്തമാക്കി. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ റാൻഡം സാമ്പിൾ പരിശോധന ശക്തമാക്കും. 10 മുതൽ 18.6 വരെയാണ് ബിഎഫ് ഡോട്ട് സെവൻ എന്ന കോവിഡ് വകഭേദത്തിൻ്റെ ക്യു വാല്യു. അതായത് ഒരു രോഗ ബാധിതനിൽ നിന്നും 10 മുതൽ 18.6 വരെ ആളുകളിലേക്ക് രോഗം വ്യാപിച്ചേക്കാം.
പുതിയ ഇനം വൈറസ് പടരാൻ എടുക്കുന്ന സമയവും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കുറവാണ്. വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കാൻ ആണ് ജനങ്ങൾക്ക് സർക്കാർ നൽകുന്ന നിർദ്ദേശം.പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച രണ്ട് ഗുജറാത്ത് സ്വദേശികൾക്കും രോഗം ഭേദമായതായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബർ-നവംബർ മാസങ്ങളിൽ രാജ്യത്ത് എത്തിയ ഇവർ വീടുകളിൽ തന്നെയാണ് ക്വാറൻ്റീൻ പൂർത്തിയാക്കിയത്.
വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിൾ പരിശോധന ഇന്ന് മുതൽ ശക്തമാക്കിയിട്ടുണ്ട്. ബിഎഫ് ഡോട്ട് സെവൻ എന്ന വകഭേദത്തിന് പുറമെ ബിഎഫ് ഡോട്ട് ട്വൽവ് എന്ന വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.