ന്യൂഡല്‍ഹി: കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രത്തിന്റെ മറുപടി. ഇതോടെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ബിജെപിക്കാരുടെയും വാദങ്ങളാണ് ചീട്ടുകൊട്ടാരത്തിന് സമമായി പൊളിഞ്ഞ് വീണത്. കിറ്റുകള്‍ നല്‍കുന്നില്ലെന്ന് അറിയിച്ച കേന്ദ്രം വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ടെന്ന് അറിയിച്ചു.
ഇതോടെ കിറ്റ് വിതരണത്തില്‍ കേരളം തന്നെ ഒന്നാമനെന്ന് തെളിയുകയാണ്. കൊവിഡ് 19 മഹാമാരി പിടിമുറുക്കിയതില്‍ പിന്നെ, സംസ്ഥാനത്ത് ആരും തന്നെ പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ അടിയുറച്ച തീരുമാനത്തിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ജനങ്ങളെ കൈയ്യിലെടുക്കാനുള്ള അടവാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ, തെരഞ്ഞെടുപ്പ് കഴിഞ്ഞും കിറ്റ് വിതരണം തുടര്‍ന്ന് കൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്.