കാസറഗോഡ് : ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദിന്റെ കീഴില്‍ കഴിഞ്ഞ 4 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ദാറുല്‍ ഹിക്മയുടെ സനദ് ദാന സമ്മേളനം ശ്രദ്ധേയമായി. ഹിഫ്‌ള് പൂര്‍ത്തീകരിച്ച 5 ഹാഫിളുകളില്‍ നിന്നും പത്ത് ദൗറയിലധികം റിവിഷന്‍ ചെയ്ത മൂന്ന് ഹാഫിളുകളെയാണ് സനദ് പട്ടം നല്‍കി ആദരിച്ചത്. ഹാഫിള് അബ്ദുല്‍ ഷാഹിദ് മന്നാന്‍, ഹാഫിള് വഹീദ് സമാന്‍, ഹാഫിള് സല്‍മാന്‍ ബഷീര്‍ എന്നിവരാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ മനഃ പാഠമാക്കി സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തി നാടിന്റെ ശ്രദ്ധ പിടിച്ച് പറ്റിയത്.
സനദ് ദാന സമ്മേളനം ലോക പ്രശസ്ത മത പണ്ഡിതന്‍ മുഫ്തി മെന്‍ക് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദലി മുളിയാര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ദാറുല്‍ ഹിക്മയിലെ വിദ്യാര്‍ത്ഥി നുസെയ് സ്വന്തമായി വികസിപ്പിച്ചെടുത്ത പുതിയ ഭാഷ സദസ്സില്‍ കൗതുകമുളവാക്കി.ഹാഫിളുകള്‍ക്ക് വിവിധ സംഘടനകളുടെ ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. ഹാഫിള് യൂസഫ് അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്‌മദ്, ഡോ. അബ്ദുല്‍ സത്താര്‍, എം. എ ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ‘ഖുര്‍ആനായി ജീവിക്കുക’ എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മി വി.എന്‍ ഹാരിസ് പ്രഭാഷണം നടത്തി.