സ്ത്രീധനമായി നല്‍കിയത് നൂറ് പവന്‍ സ്വര്‍ണ്ണവും 1.25 ഏക്കര്‍ സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും; കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

Latest കേരളം

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമൊത്ത് വീട്ടില്‍ വന്നിരുന്നുവെന്നും കാറ് വീട്ടില്‍ ഇട്ട് മകളെ അവിടെ വെച്ചുതന്നെ അടിച്ചുവെന്നും പിതാവിന്റെ വാക്കുകള്‍.

തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെ എസ്.ഐയെയും കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് സി.ഐ. പറഞ്ഞതനുസരിച്ച് എഴുതി ഒപ്പിട്ട ശേഷമാണ് കിരണിനെ വിട്ടയച്ചത്. പിന്നീട് പരീക്ഷയെ തുടര്‍ന്ന് വിസ്മയ കിരണിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും അക്രമണങ്ങള്‍ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *