വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നത് : പി.കെ. കൃഷ്ണദാസ്.

Latest പ്രാദേശികം

കാസര്‍ഗോഡ് : വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് പോലെയാണ്. മഞ്ചേശ്വരത്ത് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് ബിജെപി നേതാക്കളല്ല ബിഎസ്പിയാണ്. പത്രിക പിന്‍വലിച്ച ശേഷം നല്‍കിയ മൊഴിയില്‍ നിന്നും കെ. സുന്ദര മാറിയത് എങ്ങനെയെന്ന് അന്വേഷിക്കണം. നൂറ്റമ്പതോളം കോടിയുടെ സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസ് ആ കേസില്‍ നടപടി എടുക്കാന്‍ തയ്യാറായത് ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്. മുസ്ലിംലീഗുമായി സിപിഎമ്മിന് തെരെഞ്ഞെടുപ്പിനു മുന്‍പുണ്ടായിരുന്ന അവിശുദ്ധ ബാന്ധവം തെരെഞ്ഞെടുപ്പിനു ശേഷവും തുടരുന്നുവെന്നാണ് മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.

കൊടകരയിലെ കവര്‍ച്ചകേസില്‍ വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച പോലീസ് മഞ്ചേശ്വരത്തെ കേസില്‍ പ്രതിയെന്നാരോപിക്കപ്പെടുന്ന ആളിന്റെ കോള്‍ ലിസ്റ്റ് മാത്രമാണ് പരിശോധിക്കുന്നത്. കൊടകര കവര്‍ച്ചക്കേസിലെ ബഹുഭൂരിഭാഗം പ്രതികളും സിപിഎമ്മിന്റെയോ സിപിഐയുടെയോ പ്രവര്‍ത്തകരാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും. ബിജെപി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് ഉന്മൂലനം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സിപിഎം പോലീസിനെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടങ്ങിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കുടുംബത്തെ പോലും വേട്ടയാടുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ചും ലഹരിക്കടത്തിനെക്കുറിച്ചും ഹവാലാപണത്തെ ക്കുറിച്ചും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തെ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടക്കില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലേതുള്‍പ്പെടെയുള്ളവര്‍ ഉടന്‍ നിയമത്തിനു മുന്നിലെത്തും. ബിജെപി നേതാക്കളെ ഒറ്റതിരിച്ച് ആക്രമിക്കാനുള്ള നീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ബിജെപി കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും സുദാമാ ഗോസാഡ നന്ദിയും പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. സദാനന്ദ റൈ, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുകുമാര്‍ കുദ്രെപ്പാടി, പി.ആര്‍. സുനില്‍, കൗണ്‍സിലര്‍ വരപ്രസാദ് കെ, സന്ധ്യ മല്ല്യ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *