മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹരജി ഫയലിൽ സ്വീകരിച്ചു

Latest ഇന്ത്യ

ലഖ്നോ: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ച് നീക്കണമെന്ന ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. മഥുര സിവിൽ കോടതിയുടേതാണ് നടപടി. കൃഷ്ണജന്മഭൂമിയിൽ നിന്ന് പള്ളി നീക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഹരജി സിവിൽ കോടതി നേരത്തെ തള്ളിയിരുന്നു. ഈദ്ഗാഹ് മസ്ജിദിൽ മുസ്‍ലിംകൾ പ്രവേശിക്കുന്നതും നമസ്കരിക്കുന്നതും സ്ഥിരമായി തടയണമെന്നും പള്ളി അടച്ചൂപൂട്ടി സീൽ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രണ്ട് ഹരജികൾ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ടത്. ഒരുസംഘം അഭിഭാഷകരും നിയമ വിദ്യാർഥികളുമാണ് കോടതിയെ സമീപിച്ചത്.

നേരത്തേ വിവിധ ഹിന്ദു സംഘടനകൾ നൽകിയ ഒമ്പത് ഹരജികൾ നിലനിൽക്കെയാണിത്.ഷാഹി ഈദ്ഗാഹിൽ മുസ്‍ലിംകൾ പ്രാർത്ഥന നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നോ ആസ്ഥാനമായുള്ള അഭിഭാഷകനായ ശൈലേന്ദ്ര സിങ്ങാണ് മഥുര ജില്ല കോടതിയിൽ ഹർജിനൽകിയത്. മസ്ജിദ് വളപ്പിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും രണ്ടാമത്തെ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഗ്യാൻവാപി പള്ളി പോലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലും ഹിന്ദുമത അടയാളങ്ങൾ ഉണ്ടെന്ന് തെളിയിക്കാൻ കഴിയുമെന്ന് ഹരജിക്കാരനായ താക്കൂർ കേശവ് ദേവ് മഹാരാജിന്റെ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞിരുന്നു. ഷാഹി ഈദ്ഗാഹ് പള്ളി സീൽ ചെയ്യാനും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹേന്ദ്ര സിങ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *