ജോഹന്നസ്ബർഗ്: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് ഇതുസംബന്ധിച്ച പ്രാഥമിക പഠനം.
ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തു നിന്ന് ശേഖരിച്ച ഒമിക്രോൺ സാമ്പിളുകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.
പഠനം മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്.
മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.