കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. കോതമംഗലം സ്വദേശി വിഷ്ണുവാണ് ഭാര്യ ആരതിയുടെ പ്രസവത്തിന് ആശുപത്രിയില്‍ കഴുത്തറുപ്പന്‍ ഫീസ് ഈടാക്കിയെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഏപ്രില്‍ 28ന് വൈകിട്ടാണ് ഗര്‍ഭിണിയായ ആരതിയെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സണ്‍റൈസിലേക്ക് മാറ്റിയത്. പ്രസവവും ഒരാഴ്ചത്തെ ചികിത്സയും കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനുമായി 2,19,200 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്.
പ്രസവശേഷം നടത്തിയ പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു. എൻ ഐ സി യുവില്‍ അഞ്ചു ദിവസം കിടത്തിയതിന് 75,494 രൂപയാണ് കുട്ടിയുടെ പേരില്‍ ഈടാക്കിയിരിക്കുന്നത്. രാവിലെ നല്‍കിയ ഇഡ്ഡലിക്കും വൈകിട്ടു നല്‍കിയ കഞ്ഞിക്കുമടക്കം ഭക്ഷണ ഇനത്തിലും മൂവായിരത്തോളം രൂപ ഈടാക്കിയിട്ടുണ്ട്.
എന്നാല്‍, കോവിഡ് രോഗികളുടെ പ്രസവത്തിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പ്രസവമുറി ആയതിനാലാണ് നിരക്ക് കൂടുതല്‍ ഈടാക്കിയതെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആരതി കിടന്ന മുറി സാധാരണ മുറിയാണെങ്കിലും ഐ സി യു സംവിധാനങ്ങള്‍ ഒരുക്കിയതിനാല്‍ ഐ സി യുവിന്റെ നിരക്കാണ് ഈടാക്കുന്നത്. പ്രസവമടക്കമുള്ള കാര്യങ്ങള്‍ വന്നതിനാല്‍ പി പി ഇ കിറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.